കഞ്ഞിക്കുഴി പഞ്ചായത്ത് ബജറ്റിൽ ആശാ പ്രവർത്തകർക്ക് 2,000 രൂപ ഓണറേറിയം
1537436
Friday, March 28, 2025 11:04 PM IST
ചെറുതോണി: സമസ്ത മേഖലയ്ക്കും പരിഗണന നൽകിയുള്ള ബജറ്റിന് കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി അംഗീകാരം നൽകി. ആശാ പ്രവർത്തകർക്ക് പ്രതിമാസം 2,000 രൂപ ഓണറേറിയം നൽകാൻ തുക വകയിരുത്തിക്കൊണ്ടുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ അധ്യക്ഷത വഹിച്ചു. 53,46,34,879 രൂപ വരവും 52,72,27,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
മയക്കുമരുന്നിനെ പ്രതിരോധിക്കാൻ പഞ്ചായത്തിലെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളെയും സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ശാസ്ത്രീയമായി പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കർമ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാർഷിക മേഖല, ക്ഷീരമേഖല, ടൂറിസം വികസനം, എംസിഎഫ് നിർമാണം, പട്ടികജാതി-പട്ടികവർഗ വികസനം, കുടിവെള്ള പദ്ധതി, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, മത്സ്യകൃഷി, തൊഴിൽ ഉറപ്പു പദ്ധതി തുടങ്ങിയ മുഴുവൻ മേഖലയ്ക്കും ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്.