കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് തപാല്‍ ജീവനക്കാരന് പരിക്ക്
1537918
Sunday, March 30, 2025 6:06 AM IST
കട്ടപ്പന: മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് തപാല്‍ ജീവനക്കാരന് പരിക്കേറ്റു. സ്കൂട്ടര്‍ യാത്രികനും കാഞ്ചിയാര്‍ തപാല്‍ ഓഫീസിലെ ഇഡിഎംസിയുമായ മധുസൂദനന് നായര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11ന് തൊപ്പിപ്പാള ജങ്ഷനിലാണ് അപകടം. കോവില്‍മല തപാല്‍ ഓഫീസിലേക്കു കത്തുകളുമായി പോകുകയായിരുന്നു മധുസൂദനന് നായര്‍.
കൊട്ടാരക്കര- കട്ടപ്പന റൂട്ടിലേടുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയിലേക്കു തെന്നിമാറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കു ഗുരുതര പരിക്കേല്‍ക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനന് നായര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പോലീസ് നടപടി സ്വീകരിച്ചു.