പൂട്ടിയ തോട്ടങ്ങളിലെ ലയം നവീകരണം: സർക്കാർ പുതുക്കി ഉത്തരവിറക്കി
1537924
Sunday, March 30, 2025 6:06 AM IST
ഉപ്പുതറ: പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിന് കഴിഞ്ഞ വർഷം അനുവദിച്ച 33.7 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ പുതുക്കി നൽകി. 2023 നവംബർ 24 ലെ പ്ലാന്റേഷൻ സബ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പൂട്ടിക്കിടക്കുന്ന നാലു തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കാൻ സർക്കാർ അനുമതി നൽകിയത്.
മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ നിവേദനത്തെ തുടർന്നായിരുന്നു നടപടി. 75 ലക്ഷം രൂപയ്ക്കായിരുന്നു കമ്മിറ്റി ശിപാർശ നൽകിയത്. പിന്നീടിത് 50 ശതമാനമായി പരിമിതപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷം 33.7 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകുകയും നിർമാണച്ചുമതല സംസ്ഥാന നിർമിതി കേന്ദ്രത്തിനെ ഏൽപിക്കുകയും ചെയ്തു.
എന്നാൽ, തുക ചെലവഴിക്കുന്നതിലെ സാങ്കേതിക പ്രശ്നം മൂലം കഴിഞ്ഞ വർഷം നവീകരണം നടന്നില്ല. മാർച്ച് 31 ന് മുൻപ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് തുക ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫണ്ട് നഷ്ടമാകും.
ഈ സാഹചര്യത്തിലാണ് ആദ്യത്തേത് റദ്ദ് ചെയ്ത് ഭരണാനുമതി പുതുക്കി സർക്കാർ ഉത്തരവായത്. 2020 ലെ പെട്ടിമുടി ദുരന്തവും 2022 ൽ കോഴിക്കാനത്ത് ലയം തകർന്ന് വീണ് തൊഴിലാളി മരിക്കുകയും ചെയ്തതോടെയാണ് 2022- 23 , 2023 -24 ബജറ്റുകളിൽ ലയങ്ങൾ നവീകരിക്കാൻ 20 കോടിരൂപ നുവദിച്ചത്.
എന്നാൽ,തൊഴിൽ - ധന - വ്യവസായ വകുപ്പുകളെ ഏകോപ്പിച്ച് പദ്ധതി നടപ്പാക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിന് കഴിഞ്ഞില്ല. അതിനിടെ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളിലെ നിരവധി ലയങ്ങൾ തകർന്നു വീണു. ബാക്കിയുള്ള ലയങ്ങളും ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലുമാണ്. തുടർന്നാണ് പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന നാല് എസ്റ്റേറ്റിലെ ലയങ്ങൾ നവീകരിക്കണമെന്ന ആവശ്യം ശക്തമായതും 33.7 ലക്ഷം രൂപ അനുവദിച്ചതും