ടൂറിസം കേന്ദ്രങ്ങൾ ഉണർന്നു
1538421
Monday, March 31, 2025 11:51 PM IST
തൊടുപുഴ: വിദ്യാലയങ്ങൾ മധ്യവേനലവധിക്കായി അടച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. കടുത്ത വേനൽച്ചൂടിൽ നിന്നും താത്കാലിക ആശ്വാസം തേടിയും കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്രയും ലക്ഷ്യമിട്ടാണ് കൂടുതൽ പേരും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നത്.
ഇടുക്കിയിലെ പച്ചപ്പും മഞ്ഞും തണപ്പും മലനിരകളും വശ്യമായ മറ്റു കാനന കാഴ്ചകളും സഞ്ചാരികൾക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേനലവധിക്കാലത്ത് മലകയറി ജില്ലയിലെത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 10,30,485 സഞ്ചാരികളാണ് ഇടുക്കിയിലെ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത്. 2023ലേക്കാൾ 1,07,942 പേരുടെ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്, സാഹസിക പാർക്ക്, മാട്ടുപ്പെട്ടി ഡാം, ഹിൽവ്യു പാർക്ക്, രാമക്കൽമേട്, ബൊട്ടാണിക്കൽ ഗാർഡൻ, ആമപ്പാറ, അരുവിക്കുഴി, പാഞ്ചാലിമേട്, എസ്എൻ പുരം, മലങ്കര തുടങ്ങിയ കേന്ദ്രങ്ങളിലാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ഡിടിപിസിയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളും ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ശുചീകരിച്ചു.
ഇടുക്കി പാർക്ക്, ഹിൽ വ്യൂ പാർക്ക്, രാമക്കൽമേട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രാമക്കൽമേട്ടിലെയും വാഗമണ്‍ സാഹസികോദ്യാനത്തിലെയും ശൗചാലയ ബ്ലോക്കിന്റെ പെയിന്റിംഗ് ജോലികളും അവസാന ഘട്ടത്തിലാണ്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലും വാഗമണ്‍ ഫ്ളവർ ഗാർഡനിലും മേയ് ഒന്നുമുതൽ 10 വരെ ഫ്ളവർഷോയും വൈകുന്നേരം കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസഫ് പറഞ്ഞു.
മൂന്നാർ, കാന്തല്ലൂർ, വട്ടവട, തേക്കടി തുടങ്ങി മനോഹാരിത സമ്മാനിയ്ക്കുന്ന ഇടങ്ങളും ഇടുക്കിയിലുണ്ട്. ആനയാടിക്കുത്ത്, തൊമ്മൻകുത്ത്, ഞണ്ടിറുക്കി, ചീയപ്പാറ, തൂവാനം, കീഴാർകുത്ത്, വളഞ്ഞങ്ങാനം, മദാമ്മക്കുളം, പള്ളിവാസൽ, ചെല്ലാർകോവിൽ തുടങ്ങിയ ജലപാതങ്ങളും മതിവരാത്ത വിസ്മയക്കാഴ്ചയാണ്.
ഇതിനു പുറമേ അയ്യപ്പൻകോവിൽ, അഞ്ചുരുളി, കാൽവരിമൗണ്ട്, പരുന്തുംപാറ എന്നിവിടങ്ങളിലും ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്.