ലഹരിക്കെതിരേ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മാർ ജോസ് പുളിക്കൽ
1538422
Monday, March 31, 2025 11:51 PM IST
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരേ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണർന്നു പ്രവർത്തിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഇന്നു മുതൽ 2026 മാർച്ച് 31 വരെ ഒരു വർഷത്തെ തീവ്ര കർമപരിപാടികളുടെയും രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന ബോധവത്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിൽ യുവജനതയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിൽനിന്ന് അവരെ രക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം സർക്കാരിനും പോലീസിനും എക്സൈസിനും അതിലുപരി നമുക്കോരുരുത്തർക്കുമുണ്ട്. യുവജനങ്ങളെ ആധ്യാത്മികതയുടെയും എഴുത്ത്, വായന, സംരംഭകത്വം, കലാ, കായിക - ലഹരികളിലേക്ക് വഴി തിരിച്ചു വിടണമെന്ന് മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ലഹരി കേരളത്തെ ഇന്ന് ഭ്രാന്താലയമാക്കി മാറ്റിയതായും ദൈവത്തോടൊപ്പം ചേർന്നുനിന്ന് ലഹരിക്കെതിരേ പോരാടണമെന്നും രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, ഫാ. ജസ്റ്റിൻ മതിയത്ത്, ഫാ. തോമസ് വാളമനാൽ. ഫാ. തോമസ് നരിപ്പാറ, ഫാ. ദീപു അനന്തക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കുരുവിള, സംസ്ഥാന സെക്രട്ടറി തോമസുകുട്ടി കുളവട്ടം, എസ്എംവൈഎം രൂപത പ്രസിഡന്റ് അലൻ തോമസ്, എസ്എംവൈഎം രൂപത വൈസ് പ്രസിഡന്റ് അഞ്ചു തോമസ് കൊല്ലം പറമ്പിൽ, പ്രഫ. സാജു കൊച്ചുവീട്ടിൽ, സിസ്റ്റർ ജോർജിയ സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു. സിജു മലയാറ്റൂർ, സിസ്റ്റർ വിമല എസ്എച്ച്, സിസ്റ്റർ ഡോ. കാർമലി സിഎംസി, സിസ്റ്റർ ടെസി മരിയ എഫ്സിസി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഗ്രൂപ്പ് ചർച്ചകൾക്കു ശേഷം നടന്ന സമാപന സമ്മേളനം രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.