മൂന്നാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് പരിക്ക്
1538114
Sunday, March 30, 2025 11:41 PM IST
മൂന്നാർ: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാർ നല്ലതണ്ണി കുറുമല സ്വദേശികളായ ശിവ, വിഷ്ണു എന്നിവർക്കാണ് തലയ്ക്ക് ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിച്ചു.
സംഭവത്തിൽ നടയാർ സൗത്ത് ഡിവിഷൻ സ്വദേശികളായ അഞ്ചു യുവാക്കളെ മൂന്നാർ സിഐ രാജൻ. കെ. അരമനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ജിഎച്ച് റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എആർ ക്യാന്പിലെ സിപിഒ ശ്രീജിത്തിനെ പ്രതികളിലൊരാളായ പ്രഭു ആക്രമിച്ചു.
ഇന്നലെ വൈകുന്നരം ജിഎച്ച് റോഡിൽ കാർമൽ ബിൽഡിംഗിനു സമീപമാണ് സംഘർഷമുണ്ടായത്. ഒരു വർഷം മുൻപ് കുറുമല ക്ഷേത്രത്തിൽ നടന്ന ഉത്സവത്തോടനുബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുകൂട്ടരും തമ്മിൽ പല തവണ ഏറ്റുമുട്ടിയിരുന്നു. ഇന്നലെയും സമാന പ്രശ്നം പറഞ്ഞ് ജിഎച്ച് റോഡിൽ വച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയും പ്രതികൾ ആയുധമുപയോഗിച്ച് പരിക്കേറ്റവരുടെ തലയ്ക്ക് ആക്രമിക്കുകയുമായിരുന്നു.
സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായ ശ്രീജിത് സംഘർഷമൊഴിവാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളിലൊരാൾ ആക്രമിച്ചത്. കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്.