മികച്ച അധ്യാപകനുള്ള അവാർഡുമായി ജോസഫ് മാത്യു പടിയിറങ്ങുന്നു
1538121
Sunday, March 30, 2025 11:42 PM IST
ചെറുതോണി: കാൽനൂറ്റാണ്ട് കാലയളവിലെ അധ്യാപക ജീവിതത്തിനിടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഇരട്ടയാർ സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ കാരിമറ്റം ജോസഫ് മാത്യു സർവീസിൽനിന്നു പടിയിറങ്ങുന്നു. ഉദയഗിരി സെന്റ് മേരീസ് യുപി സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം പിന്നീട് പാറത്തോട് സെന്റ് ജോർജ് എച്ച്എസ്, ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലും സേവനം ചെയ്തു.
2017-ൽ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസ് പ്രഥമാധ്യാപകനായി. 2021-ൽ മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. 2022ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 2023-ൽ ഇടുക്കി രൂപതയിലെ മികച്ച അധ്യാപകനുള്ള അവാർഡും 2025ൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.
മുരിക്കാശേരി സ്കൂളിൽ പ്രിൻസിപ്പലായിരിക്കെ ലൈബ്രറി ബ്ലോക്ക്, ലാബുകൾ, കുടിവെള്ള പദ്ധതി തുടങ്ങി ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇക്കാലയളവിൽ രൂപതയിലെ മികച്ച ഹയർ സെക്കൻഡറിക്കുള്ള അവാർഡും സ്കൂളിന് കരസ്ഥമാക്കാനായി. ഇടുക്കി റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് സെക്രട്ടറി, സോഷ്യൽ സയൻസ് ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ, യൂത്ത് പാർലമെന്റ് ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ പഞ്ചായത്ത് അക്കാദമിക് എക്സലൻസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഇടുക്കി രൂപത സക്സസ് മൈൻഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ഹയർ സെക്കൻഡറി വിഭാഗം ജില്ല കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരുന്നു. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സൂസമ്മയാണ് ഭാര്യ. ജർമനിയിൽ ഗ്ലോബൽ സ്റ്റഡി വിദ്യാർഥിയായ വർഷ, ബി.ടെക് വിദ്യാർഥിയായ ഫെലിക്സ് എന്നിവരാണ് മക്കൾ.
പഠന കാലയളവിൽ കോളജ് ചെയർമാനായും ഉദയഗിരി സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.