കർഷകദ്രോഹ നടപടികൾ നിർത്തിവയ്ക്കണം: യുഡിഎഫ്
1537925
Sunday, March 30, 2025 6:06 AM IST
തൊടുപുഴ: ബാങ്കുകളിൽനിന്നുള്ള ജപ്തി നടപടികൾ നിർത്തിവച്ച് കാർഷിക വായ്പയുടെ പലിശ എഴുതിത്തള്ളുന്നതിനു സത്വരനടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കണ്വീനർ പ്രഫ.എം.ജെ.ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2019-20 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച 5,000 കോടിയുടെ ഇടുക്കി പാക്കേജിൽ നിന്നും 2021-ൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 12,000 കോടിയുടെ സ്പെഷൽ പാക്കേജിൽനിന്നും ഇതിനായി 3, 000 കോടി രൂപ മാറ്റിവയ്ക്കണം. പാക്കേജുകൾ പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നയാപൈസയുടെ പ്രയോജനം ഇതുവരെ കർഷകർക്കു ലഭിച്ചിട്ടില്ല.
2020-നു ശേഷമുള്ള കാർഷിക വായ്പകളുടെ മുഴുവൻ പലിശയും എഴുതിത്തള്ളണം. ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് ദോഷം വരാത്ത രീതിയിൽ പലിശതുക ബാങ്കുകൾക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
നിലവിലെ വായ്പകൾ ദീർഘകാല വായ്പകളാക്കി മാറ്റുന്നതിനും പലിശനിരക്ക് കുറയ്ക്കുന്നതിനും അടിയന്തര നടപടിയുണ്ടാകണം. പാക്കേജ് പ്രഖ്യാപിച്ച ശേഷം കർഷകരെ വഴിയാധാരമാക്കുന്ന നടപടി വഞ്ചനാപരമാണ്.
ഇടുക്കി പാക്കേജിന്റെ കാര്യത്തിൽ മന്ത്രി റോഷിയും എൽഡിഎഫ് നേതാക്കളും നിലപാട് വ്യക്തമാക്കണം. ഭൂപ്രശ്നങ്ങൾ മൂലം ഭൂമി കൈമാറ്റം നടക്കുന്നില്ല. കഴിഞ്ഞ വർഷത്തെ വരൾച്ച മൂലം ഏലം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കർഷകരുടെ ജപ്തിനടപടികൾ നിർത്തിവച്ച് പലിശ എഴുതിത്തള്ളാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് സമരപരിപാടികൾ ആരംഭിക്കും. അടുത്തമാസം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജപ്തിവിരുദ്ധ കർഷക സംഗമം സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിൽ ജപ്തിക്കു വരുന്നവരെ നേരിടുന്നതിനു കർഷകസേനയ്ക്കു രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ കെ.എം.എ.ഷുക്കൂർ, കെ.സുരേഷ്ബാബു, ടി.എം.ഷംസുദീൻ, എൻ.ഐ.ബെന്നി എന്നിവരും പങ്കെടുത്തു.