കെ.ടി. തോബിയാസ് സർവീസിൽനിന്നു വിരമിച്ചു
1538428
Monday, March 31, 2025 11:51 PM IST
കരിമണ്ണൂർ: ഹോളി ഫാമിലി എൽപി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ.ടി.തോബിയാസ് സർവീസിൽനിന്നു വിരമിച്ചു. കോതമംഗലം രൂപതയിലെ മികച്ച പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനുള്ള അവാർഡും, ഗുരുശ്രേഷ്ഠ അവാർഡും നേടിയ ഇദ്ദേഹം സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയിരുന്നു.
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 1996ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2014-ൽ പ്രധാനാധ്യാപകനായി. ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി, പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കെപിപിഎച്ച്എ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാളിയാർ സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപിക ലിൻസിയാണ് ഭാര്യ. അജിൽ (ഇൻഫോ ടെക്, കോയന്പത്തൂർ), സിജിൽ (വിദ്യാർഥി) എന്നിവരാണ് മക്കൾ.