കുട്ടികൾ ഉല്ലസിക്കട്ടെ, പുതുവിദ്യകൾ പഠിച്ചുവളരട്ടെ
1538115
Sunday, March 30, 2025 11:41 PM IST
തൊടുപുഴ: ജീവിത വിജയത്തിന്റെ പടികൾ ചവിട്ടിക്കയറാനും ലഹരിവസ്തുക്കളോടും മൊബൈൽ ഗെയിമുകളോടും വിടപറഞ്ഞ് സുരക്ഷിത ഭാവിക്കായി കളിയുംചിരിയും വ്യായാമവും പഠനവും കായിക വിനോദങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള അവധിക്കാല ക്യാന്പുകളിലേക്ക് കുട്ടികൾക്ക് ഇനി പ്രവേശിക്കാം. ലഹരിവസ്തുക്കളുടെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും കെണിയിൽപ്പെടുത്തി പുതുതലമുറയെ വിനാശത്തിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളിയിടാൻ ശ്രമം നടക്കുന്പോഴാണ് വിജ്ഞാനവും ഉല്ലാസവും പകരുന്ന സമ്മർക്യാന്പുകൾ കുട്ടികൾക്കായി വിവിധ സ്കൂളുകളുടെയും ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നത്. വൈവിധ്യം വിളിച്ചോതുന്ന ആ പരിപാടികളിലേക്ക് ഒരെത്തിനോട്ടം.
1. നെടുങ്കണ്ടം സ്പോർട്സ്
അസോസിയേഷൻ
നെടുങ്കണ്ടം: സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി രണ്ടുമാസത്തെ സമ്മർ സ്പോർട്സ് ക്യാന്പ് നടത്തും. ഏപ്രിൽ രണ്ടിന് ക്യാന്പ് ആരംഭിക്കും. ലഹരി, മൊബൈൽ എന്നിവയുടെ പിടിയിൽനിന്ന് കുട്ടികളെ മോചിപ്പിച്ച് അവധിക്കാലം ആനന്ദകരവും ആസ്വാദ്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മർ ക്യാന്പ് നടത്തുന്നത്. ദിവസവും രാവിലെ ഏഴുമുതൽ ഒന്പതുവരെ വ്യായാമ മുറകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഫണ്‍ ഗെയിമുകൾ എന്നിവയോടൊപ്പം ഫുട്ബോൾ, ക്രിക്കറ്റ്, ജൂഡോ, അത്ലറ്റിക്സ് എന്നിവയിൽ പരിശീലനം നൽകും.
സൗഹൃദമത്സരങ്ങൾ ടൂർണമെന്റുകൾ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കും. സ്വയം പ്രതിരോധം, ഫസ്റ്റ് എയ്ഡ്, സാഹസിക വിനോദങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. അഞ്ചുവയസുമുതൽ 16 വയസുവരെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പങ്കെടുക്കാം. നെടുങ്കണ്ടം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം, ടർഫ് കോർട്ട്, എൻഎസ്എ അക്കാദമി എന്നിവിടങ്ങളിലാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.
2. കരാട്ടെ സ്പോർട്സ് അക്കാദമി
കരിമണ്ണൂർ: ഷുബുക്കായി കരാട്ടെ ഫെഡറേഷന്റെ നേതൃത്വത്തിൽ കരാട്ടെ സ്പോർട്സ് അക്കാദമിയിൽ അവധിക്കാല കരാട്ടെ പരിശീലന ക്ലാസ് ഏപ്രിൽ അഞ്ചുമുതൽ മേയ് 30 വരെ നടക്കും. കരിമണ്ണൂർ മാസ് ഓഡിറ്റോറിയം, തൊടുപുഴ ഗാന്ധിസ്ക്വയറിലെ മുനിസിപ്പൽ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ക്ലാസ്. ആയോധന കലകളിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയും സ്വയം പ്രതിരോധിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ചെയ്യുന്നത്.
ചിട്ടയായ പരിശീലന രീതികളിലൂടെ അച്ചടക്കം പരിശീലിക്കാനും ക്രിയാത്മക ചിന്തയും കായിക ക്ഷമതയും വളർത്താനും ലക്ഷ്യമിടുന്നു. കരാട്ടെ ബ്ലാക്ക് ബെൽറ്റിൽ സെവൻത്ഡാൻ നേടിയ ബേബി ഏബ്രഹാമാണ് പരിശീലനം നൽകുന്നത്. പോലീസ് അക്കാദമി, ജില്ലയിലെ സ്കൂളുകൾ, കോളജുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്വയംപ്രതിരോധ പരിശീലനം നൽകിവരുന്നുണ്ട്. ഫോണ്‍: 9961835358.
3. ഡിപോൾ ഇന്റർനാഷണൽ
അക്കാദമി
തൊടുപുഴ: ഡിപോൾ ഇന്റർനാഷണൽ ആക്കാദമിയിൽ അവധിക്കാല ക്ലാസുകൾ അടുത്തമാസം ആദ്യംമുതൽ മേയ് വരെ നടക്കും. ഉപകരണസംഗീതം (ഡ്രം, പിയാനോ, ഗിത്താർ) വോക്കൽ മ്യൂസിക്ക്, ക്ലാസിക്കൽ ഡാൻസ്, കരാട്ടെ എന്നിവയിലാണ് പരിശീലനം നൽകുന്നത്. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്. ഫോണ്‍: 8078521512.
4. സോക്കർ സ്കൂൾ വെങ്ങല്ലൂർ
തൊടുപുഴ: സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്നു മുതൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാന്പ് സംഘടിപ്പിക്കും.വെങ്ങല്ലൂർ സുലഭ സൂപ്പർമാർക്കറ്റിന് എതിർവശത്തുള്ള സോക്കർ സ്കൂൾ ഗ്രൗണ്ട് ( ഏപ്രിൽ ഒന്നുമുതൽ), തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ട് ( ഏപ്രിൽ രണ്ടു മുതൽ ) മൂന്നാർ കെഡിഎച്ച് ഗ്രൗണ്ട് (ഏപ്രിൽ 3 മുതൽ) എന്നീ സെന്ററുകളിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഏഴുമുതൽ ഒന്‍പതുവരെയാണ് പരിശീലനം. അഞ്ചു മുതൽ 17 വയസുവരെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പങ്കെടുക്കാം. ഫോണ്‍: 8606364223,9605425395.
5. തൊടുപുഴ നാദോപാസന
തൊടുപുഴ: നാദോപാസനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല സംഗീത പരിശീലനം നടത്തും. കർണാടക സംഗീതം, കീ ബോർഡ്, പിയാനോ, ഗിത്താർ, വയലിൻ (വെസ്റ്റേണ്‍), തബല, ശാസ്ത്രീയ നൃത്തം, പെയിന്റിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സിഎംഐ സഭയുടെ നേതൃത്വത്തിൽ 38 വർഷമായി സംഗീതപരിശീലനം നടത്തിവരുന്നുണ്ട്. വിശാലമായ ക്ലാസ് റൂം, വിദഗ്ധരായ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് മികവ് പുലർത്തുന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഫോണ്‍: 9645030212, 9447266246.
6. തൊടുപുഴ ഉപാസന
തൊടുപുഴ: സിഎംഐ വൈദികരുടെ സ്ഥാപനമായ ഉപാസനയിൽ വിദ്യാർഥികൾക്കായി പാണ്ടോര 2കെ25 എന്ന പേരിൽ സമ്മർക്യാന്പ് നടത്തും. നാലുമുതൽ എട്ടുവരെ ക്ലാസുകളിലുള്ളവർക്ക് ഏപ്രിൽ ഏഴുമുതൽ 11 വരെയും ഒന്പതുമുതൽ പ്ലസ്ടുവരെയുള്ളവർക്ക് 21 മുതൽ 25 വരെയുമാണ് ക്യാന്പ്. കരിയർ ഗൈഡൻസ്, ജർമൻഭാഷാ പ്രാരംഭപരിശീലനം, ആർട്ടിഫിഷൽ ഇന്റലിജന്റ്സ് പരിശീലനം, ഫോട്ടോ ഗ്രഫി വീഡിയോ എഡിറ്റിംഗ് പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, പ്രസംഗം, അബാക്കസ്, യോഗ, ഓർമശക്തി വർധിപ്പിക്കൽ, വേഗത്തിൽ വായിക്കുന്നതിനുള്ള പരിശീലനം, ഗ്രൂപ്പ് ഗെയിംസ്, സംഗീത പരിശീലനം, കൗണ്‍സലിംഗ്, ഉല്ലാസ യാത്ര തുടങ്ങിയവയാണ് ക്യാന്പിന്റെ ഭാഗമായി നടത്തുന്നത്. ഫോണ്‍: 9447266246, 9400318143.
7. മലങ്കര എസ്റ്റേറ്റിൽ ഫുട്ബാൾ
പരിശീലന ക്യാന്പ്
മലങ്കര: എസ്റ്റേറ്റ് ക്ലബിന്റെ ആഭ്യമുഖത്തിൽ അടുത്തമാസം രണ്ടു മുതൽ മലങ്കര പെരുമറ്റം ഏബ്രഹാം പുന്നൂസ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാന്പ് നടത്തും. 18 വയസിൽ താഴെ പ്രായമുള്ള ആണ് കുട്ടികൾക്കാണ് പ്രവേശനം. രാവിലെ ഏഴു മുതൽ ഒന്പതുവരെയും വൈകുന്നേരം നാലുമുതൽ ആറുവരെയുമാണ് സമയം. രണ്ടിന് രാവിലെഏഴിന് ഇടവെട്ടി പഞ്ചായത്തംഗം എ.കെ. സുഭാഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ സന്തോഷ് ട്രോഫിതാരം പി.എ. സലിംകുട്ടി ക്യാന്പ് ഉദ്ഘാടനം ചെയ്യും. മലങ്കര എസ്റ്റേറ്റ് മാനേജർ റോയ് ജോണ്‍, എസ്റ്റേറ്റ് ക്ലബ് സെക്രട്ടറി അനു ഷാജി എന്നിവർ പ്രസംഗിക്കും. ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കുന്ന ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ 6282582673, 8075519622 എന്ന നന്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
8. വണ്ടമറ്റം അക്വാറ്റിക് സെന്റർ
വണ്ടമറ്റം: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലയിലെ ഏക പരിശീലന കേന്ദ്രമായ വണ്ടമറ്റംഅക്വാറ്റിക് സെന്ററിൽ കുട്ടികൾക്കായി അവധിക്കാല നീന്തൽപരിശീലനം നടത്തും. വിവിധ പ്രായത്തിലുള്ളവർക്കായി രണ്ട് സ്വിമ്മിംഗ് പൂളുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടുവയസുമുതൽ എട്ടുവയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി പ്രത്യേക ബാച്ചുകളുണ്ട്. ഇതിനു പുറമേ കരാട്ടെ, ഷട്ടിൽബാഡ്മിന്റണ്‍, യോഗപരിശീലനവും നൽകും.
20 വർഷമായി സമ്മർ ക്യാന്പ് നടത്തിവരുന്നുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ സർട്ടിഫിക്കറ്റുകളും നൽകും. ദേശീയ, അന്തർദേശീയ താരങ്ങളാണ് പരിശീലനം നൽകുന്നത്. ലോക ഓഷ്യൻമെൻ ചാന്പ്യൻ ബേബി വർഗീസാണ് പരിശീലനത്തിന് നേതൃത്വം നൽകുന്ന്. ഫോണ്‍: 9447223674
9. മൂലമറ്റം
അക്വാറ്റിക് സെന്റർ
മൂലമറ്റം: അക്വാറ്റിക് സെന്ററിൽ അവധിക്കാല നീന്തൽ പരിശീലനം നടത്തും. സുരക്ഷിതവും നിലവാരവുമുള്ള പരിശീലന സൗകര്യമുള്ള ഇവിടെ രാവിലെയും വൈകുന്നേരവുമാണ് പരിശീലനം. മുട്ടം, കുടയത്തൂർ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പ്രത്യേക വാഹന സൗകര്യവും ലഭ്യമാക്കും.ഫോണ്‍: 9400618888.
10. അബാക്കസ്
പരിശീലനം
തൊടുപുഴ: ജ്യോതി സൂപ്പർബസാറിൽ പ്രവർത്തിക്കുന്ന എസ്എംഎ അബാക്കസിൽ അവധിക്കാല പരിശീലന ക്ലാസുകൾ ഏപ്രിൽ ഒന്നിനും രണ്ടാംബാച്ച് ഏഴിനും മൂന്നാംബാച്ച് 21നും ആരംഭിക്കും. ഗണിതശാസ്ത്രത്തിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനുള്ള പരിശീലന പദ്ധതിയാണിത്.
ദൈനംദിന ഗ്രഹണ പരിശീലനത്തിലൂടെ കുട്ടികളിലെ ഏകാഗ്രതയും ഓർമശക്തിയും ബുദ്ധിശക്തിയും ആത്മവിശ്വാസവും വർധിപ്പിക്കുകയാണ് അബാക്കസ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ എസ്എംഎ അബാക്കസ് മത്സരത്തിൽ തൊടുപുഴ അബാക്കസിൽ നിന്നുള്ള വിദ്യാർഥികൾ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയിരുന്നു. ടി.എ. ജോണാണ് സ്ഥാപനത്തിന്റെ ഡയറക്ടർ. ഫോണ്‍: 9447421594.
11. കളരി
പരിശീലനം
മുട്ടം: ഐഎസ്എംഎ കളരി പരിശീലന കേന്ദ്രത്തിൽ കളരി പരിശീലനം ആരംഭിച്ചു. ആരോഗ്യം, അച്ചടക്കം, കൃത്യനിഷ്ഠ, ഏകാഗ്രത, ശുചിത്വം, ചുമതലാബോധം തുടങ്ങിയവ പരിശീലനത്തിലൂടെ ലഭ്യമാകുന്നു. ഫോണ്‍:9633055470.