വാഹനത്തില്‍ കഞ്ചാവുകടത്ത്: ഒരാള്‍ പോലീസ് പിടിയിൽ
1538429
Monday, March 31, 2025 11:51 PM IST
അടിമാലി: വാഹനത്തില്‍ കഞ്ചാവു കടത്തിക്കൊണ്ടു വന്ന ഒരാള്‍ അടിമാലി കത്തിപ്പാറയില്‍ പോലീസ് പിടിയിലായി. വാളറ പത്താംമൈല്‍ സ്വദേശി റെജിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂമ്പന്‍പാറ ഓടയ്ക്കാസിറ്റി സ്വദേശി മനു മണി സ്ഥലത്തുനിന്നു പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
കാറിനുള്ളില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഒരു കിലോയ്ക്കു മുകളില്‍ തൂക്കമുള്ള കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ കഞ്ചാവ് എവിടെനിന്നു കൊണ്ടുവന്നു, എവിടേക്കാണ് കൊണ്ടുപോയിരുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
പോലീസിനു നേരേ മൂവര്‍
സംഘത്തിന്റെ ആക്രമണം
അടിമാലി: അടിമാലിയിൽ പോലീസിനെ വെട്ടിച്ചു കടന്ന കഞ്ചാവുകേസ് പ്രതിയെ തെരയുന്നതിനിടെ പോലീസിനു നേരേ മറ്റൊരു മൂവര്‍ സംഘത്തിന്റെ ആക്രമണം. അടിമാലി 200 ഏക്കര്‍ അമ്പലപ്പടി ഭാഗത്തുവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കഞ്ചാവു കടത്തിക്കൊണ്ടുവന്ന സംഘത്തിൽപ്പെട്ട ഒരാള്‍ ഇന്നലെ കത്തിപ്പാറയില്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
അടിമാലി സ്വദേശികളായ ജസ്റ്റിന്, അക്ഷയ്, രാഹുല്‍ എന്നിവരെയാണ് ആക്രമണസംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രാഹുലൊഴികെ മറ്റു രണ്ടു പ്രതികളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥന് അന്വേഷണം നടത്തുന്നതിനിടെ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞ മൂവര്‍ സംഘം ഇരുചക്രവാഹനത്തില്‍ എത്തി ആക്രമണം നടത്തുകയുമായിരുന്നു. ഹെല്‍മറ്റും മറ്റും ഉപയോഗിച്ച് പ്രതികള്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതായാണ് പോലീസ് നല്കുന്ന വിവരം. ഇവരുടെ വാഹനവും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചു.