ക്ഷയരോഗ നിർണയ പരിശോധന നടത്തി
1538433
Monday, March 31, 2025 11:51 PM IST
തൊടുപുഴ: ക്ഷയരോഗ നിവാരണ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരെയും ക്ഷയരോഗ പരിശോധനയ്ക്കു വിധേയരാക്കി. പോലീസിന്റെ സഹായത്തോടെ തൊടുപുഴ, ചെറുതോണി, ചേലച്ചുവട്, കരിന്പൻ എന്നിവിടങ്ങളിൽ പരിശോധന നടത്തി രോഗലക്ഷണമുള്ള 15 പേരുടെ കഫം സാംപിളുകൾ പരിശോധനയ്ക്ക് ശേഖരിച്ചു. എന്നാൽ, ഇവരിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ല. സംസ്ഥാനത്ത് ആദ്യമായി ഇടുക്കിയിലാണ് ഇത്തരമൊരു പരിശോധനയ്ക്ക് തുടക്കമിടുന്നതെന്നു അധികൃതർ പറഞ്ഞു.
ജില്ലയിലെ 60 വയസിനു മുകളിൽ പ്രായമുള്ളവർ, പോഷകാഹാരക്കുറവ് ഉള്ളവർ, പുകവലി, മദ്യപാന ശീലമുള്ളവർ, പ്രമേഹ രോഗികൾ, അഞ്ചു വർഷത്തിനിടെ ക്ഷയരോഗം ബാധിച്ചവർ, വൃദ്ധസദനങ്ങളിൽ കഴിയുന്നവർ, ട്രൈബൽ, തോട്ടം മേഖലകളിലുള്ളവർ തുടങ്ങി രോഗം പിടിപെടാൻ സാധ്യതയുള്ള 3,33,126 പേരെ സ്ക്രീനിംഗിനു വിധേയമാക്കി. ഇതിൽ രോഗലക്ഷണങ്ങൾ കണ്ട 5,430 പേരുടെ കഫപരിശോധന നടത്തി. 290 പേരെ എക്സ്റേ പരിശോധനയ്ക്കും വിധേയമാക്കി. കഫപരിശോധനയിൽ 126 പേർക്കു ക്ഷയരോഗം സ്ഥിരീകരിച്ചു. ഇവർക്കു സൗജന്യ ചികിത്സ ആരംഭിച്ചു.
സംസ്ഥാനത്ത് ഏറ്റവും കുറവ് ക്ഷയരോഗ ബാധിതരുള്ള ജില്ലയാണ് ഇടുക്കിയെന്നും ജില്ലയിൽനിന്നു ക്ഷയരോഗം പൂർണമായും തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യമെന്നും ജില്ലാ ടിബി ഓഫീസർ ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു. ക്ഷയരോഗ നിർണയവും ചികിത്സയും എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.