ജലാശയങ്ങളിലെ മുങ്ങിമരണം: കുട്ടികൾ ജാഗ്രത പുലർത്തണം
1537926
Sunday, March 30, 2025 6:06 AM IST
തൊടുപുഴ: മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. കുട്ടികൾ മുതിർന്നവർക്ക് ഒപ്പമല്ലാതെ ജലാശയങ്ങളിൽ ഇറങ്ങി മുങ്ങിമരണം ഉൾപ്പെടെ മുൻ വർഷങ്ങളിൽ സംഭവിച്ച പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ജലാശയങ്ങൾ, നദികൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ചെളിയും മണലും കൂടിക്കിടക്കുന്ന ഇടങ്ങളിൽ കുളിക്കാനിറങ്ങുന്ന വിദ്യാർഥികളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. നദികളിലും മറ്റും പല സ്ഥലങ്ങളിലും ചുഴികളുണ്ടാകും. സ്ഥലം പരിചയമില്ലാത്ത വിദ്യാർഥികൾ ഇവിടെ കുളിക്കാനിറങ്ങുന്പോൾ അപകടത്തിൽപ്പെടുന്നതു പതിവാണ്. ഇത്തരം സ്ഥലങ്ങളിൽ അപകട സൂചന സംബന്ധിച്ച മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നുണ്ട്. അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സാഹചര്യങ്ങളും കുറവല്ല.
അവധിക്കാലത്ത് വിദ്യാർഥികൾ വീട് വിട്ടുപോകുന്പോൾ എവിടെ പോകുന്നുവെന്ന് രക്ഷിതാക്കളെ കൃത്യമായി അറിയിക്കണം. പോലീസിന്റെയും മറ്റും പട്രോളിംഗും പരിശോധനയും ശക്തമാക്കിയാൽ വിദ്യാർഥികളുടെ ലഹരിക്കൂട്ടായ്മകൾ ഒഴിവാക്കാനും തുടർന്നു ജലാശയങ്ങളിലും മറ്റുമുള്ള അപകടമരണങ്ങൾ ഇല്ലാതാക്കാനും കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജലാശയങ്ങളിലും പുഴകളിലും ഇറങ്ങുന്പോൾ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ധരിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. നീന്തൽ വശമില്ലാത്തവർ യാതൊരു കാരണവശാലും പുഴകളിലും ജലാശയങ്ങളിലും ഇറങ്ങരുത്. നീന്തൽ പഠിക്കുന്നതിനായി ഇറങ്ങുന്നവർ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ ജലാശയങ്ങളിൽ ഇറങ്ങാവൂ. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നന്പരിൽ വിളിച്ച് സേവനം തേടാവുന്നതാണ്.