രാജപാത: മാങ്കുളത്ത് സർവകക്ഷി യോഗം ചേർന്നു
1538119
Sunday, March 30, 2025 11:41 PM IST
അടിമാലി: മാങ്കുളത്തിന്റെ വികസനത്തിന് സഹായകരമാകുന്ന ആലുവ-മൂന്നാർപഴയ രാജപാത, മലയോര ഹൈവേ എന്നീ റോഡുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികളുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു.
അഡ്വ. എ. രാജ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ആന്റണി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ് ജോസ്, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മലയോര ഹൈവേയുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളും രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ഇരു പാതകളുടെയും കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പുരോഗതിയും കോടതി വ്യവഹാരങ്ങളുടെ തൽസ്ഥിതിയടക്കമുള്ള കാര്യങ്ങളും യോഗത്തിൽ പങ്കെടുത്തവർ വിശദീകരിച്ചു. പാതകളുടെ കാര്യത്തിൽ നിയമസഭയിൽ എടുത്തിട്ടുള്ള നിലപാടുകളും ഇടപെടലുകളും യോഗത്തിൽ എംഎൽഎ വ്യക്തമാക്കി. പാതകൾ യാഥാർഥ്യമാക്കുന്നതിനായി ഭരണതലത്തിൽ കൂടുതൽ സമ്മർദം ചെലുത്തണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എംഎൽഎയോട് ആവശ്യപ്പെട്ടു.
ഇളംബ്ലാശേരി മുതൽ കുറത്തിക്കുടിവരെയുള്ള ഭാഗത്തെ യാത്രയ്ക്കായി നിലനിൽക്കുന്ന തടസം സംബന്ധിച്ചും വനംവകുപ്പിന്റെ ഇടപെടൽ സംബന്ധിച്ചും കൃത്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
ഇതുവഴിയുള്ള യാത്രാ തടസം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചതായി എംഎൽഎ പറഞ്ഞു.