കോതമംഗലം രൂപതയിൽ ദിവ്യകാരുണ്യ പ്രയാണത്തിനു തുടക്കമായി
1538120
Sunday, March 30, 2025 11:42 PM IST
തൊടുപുഴ: കോതമംഗലം രൂപതയിൽ ദിവ്യകാരുണ്യ പ്രയാണത്തിന് തുടക്കമായി. കരിമണ്ണൂർ ഫൊറോനയിലെ ഉപ്പുകുന്ന് സെന്റ് അൽഫോൻസ പള്ളിയിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ പ്രയാണം ആരംഭിച്ചത്. രൂപതയുടെ 14 ഫൊറോനകളിലും 14 ദിവസങ്ങളിലായാണ് ദിവ്യകാരുണ്യ പ്രയാണം നടത്തുന്നത്. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ദിവ്യകാരുണ്യ പ്രയാണം നടത്തുന്നത്. പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ദിവ്യകാരുണ്യം രൂപതയിലെ മുഴുവൻ ഇടവകകളിലും എത്തിച്ചേരും.
വിശുദ്ധ കുർബാനയ്ക്കെതിരേ സംഭവിച്ചിട്ടുള്ള അവഹേളനത്തിനു പരിഹാരമായും തിൻമയുടെ സ്വാധീനങ്ങൾക്കെതിരേയുള്ള ശക്തമായ ആത്മീയപോരാട്ടവുമായാണ് ദിവ്യകാരുണ്യ പ്രയാണം രൂപതയിൽ നടത്തുന്നത്.
കരിമണ്ണൂർ, മുതലക്കോടം, തൊടുപുഴ ഫൊറോനകളിൽ ദിവ്യകാരുണ്യ പ്രയാണം പൂർത്തിയായി. കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ വികാരി റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ വികാരി റവ.ഡോ. ജോർജ് താനത്തുപറന്പിൽ, തൊടുപുഴ ടൗണ്‍ ഫൊറോനപള്ളിയിൽ റവ.ഡോ. സ്റ്റാൻലി കുന്നേൽ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിൽ വികാരിമാർ, സന്യാസിനികൾ, കൈക്കാരൻമാർ, പാരിഷ്കൗണ്സിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ദിവ്യകാരുണ്യപ്രയാണം നടന്നുവരുന്നത്. ഏപ്രിൽ 11നു കോതമംലത്ത് ദിവ്യകാരുണ്യപ്രയാണം സമാപിക്കും.