ഇടുക്കി രൂപത ദിനാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
1538423
Monday, March 31, 2025 11:51 PM IST
കരിമ്പൻ: ഇടുക്കി രൂപത ദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരീഷ് ഹാളിൽ ചേർന്ന യോഗം ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതദിനം വിശ്വാസത്തിന്റെ പ്രഘോഷണവും രൂപതയുടെ വളർച്ചയുടെ കുതിപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുപതു കമ്മിറ്റികളിലായി 250 അംഗങ്ങൾ അടങ്ങിയ വിപുലമായ കമ്മിറ്റിക്കാണ് യോഗം രൂപം നൽകിയിരിക്കുന്നത്. മേയ് മൂന്നിനു നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദൈവാലയത്തിലാണ് രൂപത ദിനാഘോഷം നടക്കുന്നത്.
രൂപത ദിനാഘോഷത്തിന് ഒരുക്കമായി ഫൊറോന കൗൺസിലും വിശേഷാൽ പാരീഷ് കൗൺസിലും നടന്നുകൊണ്ടിരിക്കുകയാണ്.
28, 29 തീയതികളിലായി ഫൊറോനാ തലത്തിൽ വിശുദ്ധ കുരിശിന്റെ പ്രയാണം നടക്കും. മേയ് ഒന്നിന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ 2500 കലാകാരികൾ അവതരിപ്പിക്കുന്ന മെഗാ മാർഗംകളി നടക്കും. രണ്ടിന് അടിമാലി, വാഴത്തോപ്പ്, രാജകുമാരി എന്നീ ഇടവകകളിൽ നിന്നും ദീപശിഖ, പതാക, ഛായാചിത്രം പ്രയാണങ്ങൾ നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ എത്തിച്ചേരും.
തുടർന്നു വൈകുന്നേരം 6.30 നു ടൗണിൽ വിളംബരജാഥ നടക്കും. മൂന്നിനു രാവിലെ 9.30ന് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, ആർച്ച് പ്രീസ്റ്റ് ഫാ.ജെയിംസ് ശൗര്യാംകുഴി, സിസ്റ്റർ ടെസ്ലിൻ എസ്എച്ച്, സിസ്റ്റർ റോസിൻ എഫ് സിസി, ജോർജ് കോയിക്കൽ, സാം സണ്ണി, ഷേർളി ജൂഡി എന്നിവർ പ്രസംഗിച്ചു.