വിലയിടിഞ്ഞു: വട്ടവടയിലെ സ്ട്രോബറി കര്‍ഷകർ പ്രതിസന്ധിയിൽ
1537932
Sunday, March 30, 2025 6:06 AM IST
അടിമാലി: ശീതകാല പച്ചക്കറി കൃഷികള്‍ക്കൊപ്പം വട്ടവടയിലെ കര്‍ഷകരുടെ വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ സ്ട്രോബറിയുടെ വില ഇടിഞ്ഞതോടെ കർഷകരുടെ പ്രതീക്ഷ മങ്ങി. മാസങ്ങള്‍ക്ക് മുമ്പ് കൃഷിയിറക്കിയ സ്ട്രോബറിയുടെ കായകള്‍ പഴുത്ത് വിളവെടുപ്പിന് പാകമായപ്പോഴാണ് വില ഇടിവു ഉണ്ടായിരിക്കുന്നത്. നിലവില്‍ 300 രൂപയാണ് ഒരു കിലോ സ്ട്രോബറിക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ വിലയില്‍ സ്ട്രോബറി കൃഷി നഷ്ടത്തിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
ജനുവരി മുതല്‍ വട്ടവടയിലേക്കെത്തുന്ന സഞ്ചാരികളെ മുന്നില്‍ കണ്ടാണിപ്പോള്‍ പല കര്‍ഷകരും സ്ട്രോബറി കൃഷി ചെയ്യുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള സഞ്ചാരികളുടെ തിരക്കില്‍ കര്‍ഷകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ സ്ട്രോബറിക്ക് ആവശ്യക്കാര്കുറഞ്ഞത് കര്‍ഷകര്‍ക്ക് വിനയായി.ഇത് വിലയിടിവിന് കാരണമായി. കര്‍ഷകരില്‍ ചിലര്‍ സ്ട്രോബറിയില്നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നവരാണ്.
പല കര്‍ഷകരും കടം വാങ്ങിയും മറ്റുമാണ് മെച്ചപ്പെട്ട വിളവും വിലയും പ്രതീക്ഷിച്ച് സ്ട്രോബറി കൃഷിയിറക്കിയിട്ടുള്ളത്. വില ഇനിയും ഇടിഞ്ഞാല്‍ സ്ട്രോബറി കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാകും.