ലാത്തിച്ചാർജിനിടെ കണ്ണിന് പരിക്ക്: നടപടിയെടുക്കാൻ നിർദേശം
1537920
Sunday, March 30, 2025 6:06 AM IST
തൊടുപുഴ: പോലീസ് ലാത്തിച്ചാർജിനിടെ ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകന്റെ കണ്ണിന് കാഴ്ച വൈകല്യമുണ്ടായ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാൻ സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റിയുടെ ഉത്തരവ്.
യൂത്ത് കോണ്ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വെങ്ങല്ലൂർ കൈതക്കോട് ഓലിക്കൽ വീട്ടിൽ ബിലാൽ സമദിന്റെ (30) പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
2022 ജൂണ് 14ന് കോണ്ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം. പ്രകടനം അക്രമാസക്തമായപ്പോൾ പോലീസ് ലാത്തിവീശി. ബിലാൽ അന്നു യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. സംഘർഷത്തിനിടെ നാലു പോലീസുകാർ ചേർന്നാണ് ബിലാലിന് നേരേ ലാത്തികൊണ്ട് അടിച്ചത്. അന്ന് ഇടുക്കി എആർ ക്യാന്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ഡി.ഡി. അജിൻ ലാത്തികൊണ്ട് ബിലാലിന്റെ ഇടതു കണ്ണിന് അടിക്കുകയായിരുന്നു.
രക്തമൊഴുകി സംഭവ സ്ഥലത്ത് കുഴഞ്ഞവീണ ബിലാലിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് രണ്ടു മാസത്തെ ചികിത്സ നടത്തിയെങ്കിലും പൂർണമായും കാഴ്ച തിരികെ ലഭിച്ചില്ല. 30 ശതമാനം കാഴ്ച തിരിച്ചുകിട്ടാനാവാത്ത വിധം നഷ്ടമായി.
സംഭവത്തിൽ പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും ബിലാൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഡി.ഡി. അജിനെതിരേ 30 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് പോലീസ് കംപ്ലെയ്ന്റസ് അഥോറിറ്റി ഉത്തരവിട്ടിരിക്കുന്നത്.