മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം 28ന്
1537930
Sunday, March 30, 2025 6:06 AM IST
ഇടുക്കി: രണ്ടാം എൽഡിഎഫ് മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം അടുത്തമാസം 28നും എന്റെ കേരളം 2025 പ്രദർശന വിപണന മേള ഏപ്രിൽ 29 മുതൽ മേയ് അഞ്ചുവരെയും നടക്കും.
മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു.സർക്കാർ നടപ്പാക്കിയ വിവിധ വികസനക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തിൽ പ്രകാശനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണം. സർക്കാരിന്റെ നേട്ടങ്ങൾ, ജില്ലയിലുണ്ടായ മാറ്റം, നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ, അദാലത്തുകൾ, വികസനത്തിന്റെ നേർചിത്രങ്ങൾ എന്നിവ മേളയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ,തൊഴിലാളി പ്രതിനിധികൾ, സാംസ്കാരിക, കായിക രംഗത്തെ പ്രതിഭകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക നേതാക്കൾ തുടങ്ങി അഞ്ഞൂറോളം പേർ പങ്കെടുക്കും. 29 മുതൽ മേയ് അഞ്ചു വരെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രദർശന വിപണന മേള വാഴത്തോപ്പ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂൾ മൈതാനിയിൽ നടക്കും.
സർക്കാർ സേവനങ്ങൾ, ടൂറിസം, വ്യവസായം, കൃഷി, തുടങ്ങിയ പ്രധാന മേഖലകൾ തിരിച്ച് സെമിനാറുകളും നടക്കും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. യോഗത്തിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഓണ്‍ലൈനായി പങ്കെടുത്തു.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഇടുക്കി സബ്കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ്.വിനോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻസി.വി.വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, രാഷ്ട്രീയകക്ഷി നേതാക്കളായ പി.ബി.സബീഷ്, ഷിജോ തടത്തിൽ, എം. കെ. പ്രിയൻ, സണ്ണി ഇല്ലിക്കൽ, സി.എം.അസീസ്, സജി തടത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.