പോലീസിനു നേരേ കൈയേറ്റ ശ്രമം: മൂന്നു വിദ്യാർഥികൾ കസ്റ്റഡിയിൽ
1537438
Friday, March 28, 2025 11:04 PM IST
തൊടുപുഴ: നഗരത്തിലെ കോളജിൽ വിദ്യാർഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനു പിന്നാലെ പോലീസിനെ കൈയേറ്റംചെയ്യാൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ മൂന്നു വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് കോളജിൽ യാത്രയയപ്പുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടാക്കിയത്. വിവരം അറിഞ്ഞ് പോലീസെത്തി ഇവരെ കോളജിൽനിന്ന് ബലമായി ഒഴിവാക്കി. പിന്നീടു വിദ്യാർഥികൾ വടക്കുംമുറി ജംഗ്ഷനിലുള്ള ചായക്കടയിൽ എത്തി. ഇവിടെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി.
വിവരം അറിഞ്ഞെത്തിയ പോലീസ് ഇവിടെ കൂടുതൽ പ്രശ്നം ഉണ്ടാക്കിയ ഒരു വിദ്യാർഥിയെ പിടികൂടി വാഹനത്തിൽ കയറ്റി. എന്നാൽ ഇയാളെ മാത്രം കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞ് ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിൽ കയറ്റിയ വിദ്യാർഥിയെ ഇറക്കി വിട്ടു.
ഇതിനിടെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരുമായി ഉന്തും തള്ളും ഉണ്ടായി. വിദ്യാർഥികൾ പരസ്യമായി പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇവിടെ ഏറെ നേരം ക്യാന്പ് ചെയ്ത പോലീസ് സംഘം ഇവിടെ സംഘർഷം ഉണ്ടാക്കിയ വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെ കൈയേറ്റം ചെയ്തത ും കൃത്യനിർവഹണം തടസപ്പെടുത്തിയതും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.