അപ്രോച്ച് റോഡ് നിർമാണം ഇന്ന് തുടങ്ങും
1538430
Monday, March 31, 2025 11:51 PM IST
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് ഇന്നു തുടക്കമാകും. പാലം നിർമാണം പൂർത്തിയായിട്ട് ഒൻപതു വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡില്ലാത്തതിനാൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനിയിരുന്നില്ല. പാലത്തിന്റെ ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം പി.ജെ.ജോസഫ് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചിട്ടുണ്ട്.
അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായിട്ട് രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ഇപ്പോൾ റോഡ് നിർമാണം ആരംഭിക്കാൻ കഴിയുന്നത്.
അപ്രോച്ച് റോഡിനോടൊപ്പം കാരിക്കോട് - ചുങ്കം ബൈപാസും പൂർത്തിയാക്കണമെന്ന ആവശ്യവും ശക്തമാണ്. കാരിക്കോട് - മുതലിയാർ മഠം - മാരിയിൽ ക്കലുങ്ക് - ചുങ്കം ബൈപാസ് യാഥാർഥ്യമായാൽ തൊടുപുഴയുടെ കിഴക്കൻ മേഖലയിലുള്ള ഒൻപതു പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് ഉപകാരപ്രദമാകും. കാഞ്ഞിരമറ്റം, കാരിക്കോട്, കുമ്മംകല്ല്, മുതലക്കോടം, ഒളമറ്റം പ്രദേശങ്ങളുടെ വികസനത്തിനും ഇതു വഴിതെളിക്കും.
കാരിക്കോട് നിന്ന് മാരിയിൽകലുങ്ക് വരെയുള്ള ഭാഗം പൂർണമായും പുതിയ അലൈൻമെന്റിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒരു വീട് മാത്രമേ ബൈപാസിന്റെ അലൈൻമെന്റിനുള്ളിൽ വരുന്നുള്ളൂ.
ബൈപാസിന്റെ ഈ ഭാഗം മുഴുവൻ പുതിയ റോഡ് നിർമിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. റോഡ് കടന്നുപോകുന്ന ഭാഗത്തെ ഭൂ ഉടമകളുടെ പിന്തുണയോടെയാണ് റോഡിന്റെ അലൈൻമെന്റ് തയാറാക്കിയിട്ടുള്ളത്.