നെടുങ്കണ്ടം-തേവാരംമെട്ട് റോഡ് ഗതാഗതയോഗ്യമാക്കണം -എംപി
1538112
Sunday, March 30, 2025 11:41 PM IST
തൊടുപുഴ: നെടുങ്കണ്ടത്തുനിന്ന് തേവാരംമെട്ട് വഴിയുള്ള റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരിക്കും, ഭൂപേന്ദ്ര യാദവിനും കത്തു നൽകിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. നിർദിഷ്ട എൻഎച്ച്- 85 കൊച്ചി-ധനുഷ്കോടി ഭാരത് മാലാ പദ്ധതിയുടെ അലൈൻമെന്റ് ഈ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത് .
എന്നാൽ ഭാരത് മാലാ പദ്ധതി മന്ദീഭവിച്ചത് വിലങ്ങുതടിയായിരിക്കുകയാണ്. ഈ തടസം നീങ്ങുന്നതിനു സാധ്യതയില്ലെങ്കിൽ നേരത്തേ പരിഗണനയിലുണ്ടായിരുന്ന നെടുങ്കണ്ടം-തേവാരംമെട്ട്-ചക്കുളത്തിമേട് റോഡിന് അനുമതി ലഭിക്കുന്നതിന് ഇടപെടൽ നടത്തണമെന്നും ഉപരിതല ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതോടൊപ്പംതന്നെ തമിഴ്നാട് വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിന് വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവിനെയും നേരിൽക്കണ്ട് നിവേദനം നൽകി. വിഷയത്തിൽ സമഗ്ര പഠനം നടത്തുന്നതിന് മന്ത്രി നിർദേശം നൽകി. തേനി എംപി ടി.ടി. സെൽവനുമായി വികസന പദ്ധതിയുടെ സാധ്യതകൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ വരുന്നമാസം സംയുക്ത പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചതായും എംപി പറഞ്ഞു.