കർഷകന്റെ പത്തായം നിറച്ച കുഞ്ഞൂഞ്ഞ് നെൽവിത്തിന്റെ ഉപജ്ഞാതാവ് യാത്രയായി
1537921
Sunday, March 30, 2025 6:06 AM IST
കരിമണ്ണൂർ: കർഷകന്റെ പത്തായം നിറച്ച കുഞ്ഞൂഞ്ഞ് നെൽവിത്തിന്റെ ഉപജ്ഞാതാവ് അത്തിക്കൽ കുഞ്ഞൂഞ്ഞ് എന്നുവിളിക്കുന്ന വർഗീസ് ഏബ്രഹാം(97) യാത്രയായി. പട്ടിണി കൊടുന്പിരിക്കൊണ്ട കാലയളവിലാണ് ആയിരക്കണക്കിനു കർഷകർക്ക് പുതിയ നെൽവിത്ത് വികസിപ്പിച്ചു നൽകി പ്രതീക്ഷയുടെ പുതുചരിത്രം തുറന്നത്. ഏക്കർകണക്കിനു പാടത്ത് നെൽകൃഷിയുണ്ടായിരുന്ന കരിമണ്ണൂരിൽ മഷൂറി, വെള്ളമുണ്ട, കർത്താരിൻ, ചെന്പാവ്, ഇട്ടികണ്ണപ്പൻ, എച്ച്ഫോർ, ജ്യോതി തുടങ്ങിയ നെൽവിത്തുകളാണ് കർഷകർ കൂടുതലായും കൃഷിചെയ്തിരുന്നത്.
എന്നാൽ, ഇവയിൽ ഭൂരിഭാഗം കൂട്ടുനെൽവിത്തുകളും വിളവ് ഏറെ കുറവുള്ളതുമായിരുന്നു. ഇതുമൂലം കർഷകർക്കു മികച്ച വിളവ് ലഭിക്കാതായി. ഇതിനു പരിഹാരം എന്ന നിലയിലാണ് ഗുണമേൻമ കൂടിയ നെൽവിത്തിനായുള്ള കുഞ്ഞൂഞ്ഞ് ചേട്ടന്റെ പരിശ്രമം ഒടുവിൽ ഫലമണിഞ്ഞത്. വീട്ടുമുറ്റത്ത് കൊയ്തുവച്ചിരുന്ന കറ്റയിൽ ഉയരം കൂടിയതും കുറഞ്ഞതുമായ ഏതാനും കതിരുകളിലെ നെൻമണികളെടുത്ത് ക്രോസിംഗ് നടത്തിയാണ് പുതിയ വിത്തിനം ഉത്പാദിപ്പിച്ചത്. ഇതു വിളവ് കൂടുതൽ നൽകിയതിനു പുറമേ 90-110 ദിവസംകൊണ്ട് വിളവെടുക്കാൻ കഴിഞ്ഞതും മികച്ച രുചിയും പ്രതിരോധ ശേഷിയും ഇതിന്റെ പ്രത്യേകതയായിരുന്നു.
കുഞ്ഞൂഞ്ഞ് വികസിപ്പിച്ചെടുത്ത നെൽവിത്തായതിനാൽ കുഞ്ഞൂഞ്ഞ് നെൽവിത്ത് എന്ന പേരും ഇതിനു ലഭിച്ചു. ഇവിടെ നിന്നും വിവിധസ്ഥലങ്ങളിലേക്ക് ഈ വിത്ത് കൊണ്ടുപോയതോടെ വിവിധ പേരുകളിലും ഇതറിയപ്പെട്ടു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാപകമായി ഈ വിത്താണ് കൃഷിചെയ്തിരുന്നത്. 1980-ൽ കുഞ്ഞൂഞ്ഞ് കരിമണ്ണൂരിൽനിന്നും ചാലക്കുടിയിലേക്ക് കുടിയേറ്റം നടത്തുകയായിരുന്നു. വാർധക്യസഹജമായ രോഗത്തെത്തുടർന്നായിരുന്നു മരണം. സംസ്കാരം ഇന്ന് മൂന്നിന് ചാലക്കുടി വെറ്റിലപ്പാറ അരൂർമുഴി സെന്റ് പോൾസ് പള്ളിയിൽ.