വനംവകുപ്പിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു
1493942
Thursday, January 9, 2025 11:01 PM IST
കരിമണ്ണൂർ: നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡിന്റെ നിർമാണം തടഞ്ഞ് കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജ് സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരേ പ്രതിഷേധം വ്യാപകം. വനംവകുപ്പിന്റെ നടപടിക്കെതിരേ സമരമാരംഭിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പു നൽകി. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനും ശ്രമത്തിനു മൊടുവിലാണ് 27 കിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ നിർമാണം തുടങ്ങിയത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ കരിമണ്ണൂർ, വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും ഇത് വഴിതെളിക്കും.
തൊമ്മൻകുത്ത്, ആനയാടികുത്ത്, മീനുളിയാൻപാറ, കോട്ടപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കരികിലൂടെയാണ് റോഡ് കടന്നു പോകുന്നത്. അതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വേഗത്തിൽ എത്താനാകും. ഇതിനു പുറമെ കൂടുതൽ പേരെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനും കഴിയും.
നാരങ്ങാനം ഭാഗത്ത് അപകട ഭീഷണിയുയർത്തിനിന്ന മരങ്ങൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതി പ്രകാരം നാട്ടുകാർ വെട്ടി റോഡരികിൽ ഇട്ടതിനെത്തുടർന്നാണ് നിർമാണം തടഞ്ഞ് വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണം. സംഭവത്തിൽ കെഎസ്ടിപി ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. തുടർന്ന് ഇവരോട് ഹാജരാകാൻ നോട്ടീസ് നൽകി. എന്നാൽ ഇവർ ഹാജരായില്ല. കേസുമായി ഇവർ സഹകരിക്കാത്തതും വനംവകുപ്പിന്റെ നടപടിക്ക് കാരണമായി.
ഇതിനിടെ നിർമാണം തടഞ്ഞുള്ള സ്റ്റോപ്പ് മെമ്മോ പിൻവലിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കൾ കോതമംഗലം ഡിഎഫ്ഒ പി.യു. സാജുവിനെ സന്ദർശിച്ചു. പി.ജെ. ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരമാണ് യുഡിഎഫ് നേതാക്കൾ ഡിഎഫ്ഒയെ സന്ദർശിച്ചത്. താൻ അറിയാതെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് ഇദ്ദേഹം അറിയിച്ചതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പി.ജെ. ജോസഫ് എംഎൽഎയും ഡിഎഫ്ഒയെ വിളിച്ച് സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെംബർ ഷൈനി റെജി, പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, യുഡിഎഫ് ചെയർമാൻ പി.എം. ഇല്യാസ്, കണ്വീനർ ബേബി വട്ടക്കുന്നേൽ, സെക്രട്ടറി സണ്ണി കളപ്പുരയ്ക്കൽ എന്നിവരാണ് ഡിഎഫ്ഒയെ സന്ദർശിച്ചത്.
സ്റ്റോപ്പ് മെമ്മോ പിൻവലിച്ചില്ലെങ്കിൽ റേഞ്ച് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് എൽഡി എഫ് നേതാവ് ഷിജോ സെബാസ്റ്റ്യൻ പറഞ്ഞു.
റോഡ് നിർമാണം തടസപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സ്റ്റോപ്പ് മെമ്മോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എകെസിസിയുടെ നേതൃത്വത്തിൽ സമരമാരംഭിക്കുമെന്നും ഭാരവാഹികളായ ഫാ. ജയിംസ് ഐക്കരമറ്റം, സോജൻ കുന്നുംപുറത്ത് എന്നിവർ പറഞ്ഞു.