പുല്ലുപാറയില്‍ അപകടം: ബ്രേക്ക് നഷ്ടമായി; പിന്നെയൊന്നും ചെയ്യാനായില്ല
1493097
Monday, January 6, 2025 11:26 PM IST
മുണ്ടക്കയം: രണ്ട് ഡ്രൈവര്‍മാരാണ് ഇന്നലെ പുല്ലുപാറയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്. കുട്ടിക്കാനം വളവ് ഇറങ്ങിയപ്പോള്‍ത്തന്നെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവര്‍ രാജീവ് കുമാര്‍ പറഞ്ഞു. വൈകാതെ രാജീവ് കുമാര്‍ സമീപത്തെ സീറ്റിലിരുന്ന ഡിക്സനെ അറിയിച്ചെങ്കിലും ബസിന്റെ നിയന്ത്രണം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. ബസ് കൊക്കയില്ലാത്ത വശത്ത് ഇടിപ്പിച്ചുനിര്ത്താനുള്ള ശ്രമം ഫലവത്തായില്ല. ബ്രേക്ക് നഷ്ടപ്പെട്ട വിവരം അറിയിക്കുകയും സീറ്റുകളുടെ കമ്പികളില്‍ പിടിച്ചിരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ആഘാതം കുറയ്ക്കാന്‍ ഹാന്‍ഡ് ബ്രേക്ക് ചെയ്ത് വേഗം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ക്രാഷ് ബാരിയറില്‍ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കുഴിയിലെ മരങ്ങളില്‍ തട്ടി ബസ് നിന്നില്ലായിരുന്നെങ്കില്‍ 600 അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു. ശബരിമല തീര്‍ഥാടന സീസണു മുന്നോടിയായി ഈയിടെയാണ് ക്രാഷ് ബാരിയര്‍ ബലപ്പെടുത്തിയത്. ക്രാഷ് ബാരിയറില്‍ ഇടിച്ച് ആഘാതം കുറഞ്ഞതും ബസ് കൊക്കയിലേക്ക് പതിക്കാതിരിക്കാന്‍ കാരണമായി.