റോഡ് നിർമാണം: നഗരസഭാ അധികൃതർ ഹാജരായി
1493349
Wednesday, January 8, 2025 3:10 AM IST
തൊടുപുഴ: മുതലക്കോടം-പഞ്ഞംകുളം-മഠത്തിക്കണ്ടം റോഡ് നവീകരിക്കാത്തതിനെത്തുടർന്ന് മുതലക്കോടം സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കു നൽകിയ പരാതിയിൽ നഗരസഭാ അധികൃതർ ഹാജരായി.
നഗരസഭാ ചെയർമാൻ സബീന ബിഞ്ചു, ഒൻപതാം വാർഡ് കൗണ്‍സിലർ ജോർജ് ജോണ്‍, സെക്രട്ടറി ബിജുമോൻ ജേക്കബ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജനിയർ വി. ജിനു എന്നിവരാണ് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് മുന്പിൽ ഹാജരായത്.
വർഷങ്ങളായി റോഡ് നവീകരിക്കാത്തതിനെത്തുടർന്ന് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മേക്കുന്നേൽ ലീഗൽ സർവീസസ് അഥോറിറ്റിക്കു നൽകിയ പരാതിയെത്തുടർന്നാണ് ഇവരോട് ഹാജരാകാൻ നിർദേശം നൽകിയത്. ഏഴല്ലൂർ റോഡിൽനിന്ന് ഒരു കിലോമീറ്റർ ഭാഗം നിർമാണം ഏറ്റെടുത്ത കരാറുകാരനും അന്നത്തെ എഎക്സ്ഇയും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് നിർമാണം മുടങ്ങിയത്. ചെയ്ത നിർമാണ പ്രവർത്തനത്തിനുള്ള തുക ആവശ്യപ്പെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ കേസ് തീർപ്പാക്കാൻ നഗരസഭ ശ്രമിച്ചില്ല.
ഈ വിഷയവും ഡിഎൽഎ പരിഗണിച്ചു. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി റോഡ് നിർമാണത്തിന്റെ തടസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ച് റോഡ് നിർമാണത്തിന് തുക അനുവദിക്കുന്നതും സംബന്ധിച്ച റിപ്പോർട്ടും സഹിതം ഫെബ്രുവരി 18ന് ഹാജരാകാൻ ലീഗൽ സർവീസസ് അഥോറിറ്റി നിർദേശിച്ചു. അന്ന് വീണ്ടും കേസ് പരിഗണിക്കും. എംഎൽഎ ഫണ്ടിൽനിന്നു നഗരസഭയ്ക്ക് കിട്ടുന്ന തുകയിൽ 27.9 ലക്ഷം രൂപ ഉപയോഗിക്കാമെന്ന നിർദേശവും അന്ന് പരിഗണിക്കും.