മലയിഞ്ചി മേഖലയിലും കാട്ടാന: ജാഗ്രതാനിർദേശവുമായി വനംവകുപ്പ്
1493348
Wednesday, January 8, 2025 3:10 AM IST
ഉടുന്പന്നൂർ: മലയിഞ്ചി മേഖലയിൽ കാട്ടാനയിറങ്ങി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്. ഒരുവർഷം മുന്പ് വേളൂർഭാഗത്ത് കാട്ടാനയിറങ്ങിയിരുന്നെങ്കിലും പുഴ കടന്ന് ഇക്കരെയുള്ള ജനവാസ മേഖലയിലേക്ക് എത്തിയിരുന്നില്ല. എന്നാൽ ഇത്തവണ പുഴകടന്ന് ഏഴോളം വരുന്ന കാട്ടാനക്കൂട്ടം എത്തിയതായാണ് സൂചന. ഇതേത്തുടർന്നാണ് വനംവകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്.
ബൗണ്ടറിക്കു താഴ്ഭാഗത്തുള്ള പാഴൂക്കര മേഖലയിൽ കാട്ടാനക്കൂട്ടം എത്തിയതായി നാട്ടുകാർ പറഞ്ഞു. ഇവിടെനിന്നു അരകിലോമീറ്ററോളം സഞ്ചരിച്ചാൽ ആൾക്കല്ല്, മലയിഞ്ചി പ്രദേശത്തും ആനയെത്തും. ഈ ഭാഗത്ത് ആനശല്യം ഇതുവരെ ഉണ്ടാകാത്ത മേഖലയാണ്.
കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കാൻ അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.