താലൂക്ക് വികസനസമിതി യോഗത്തിൽ പരാതിപ്രളയം
1493346
Wednesday, January 8, 2025 3:10 AM IST
തൊടുപുഴ: മിനി സിവിൽ സ്റ്റേഷൻ കോണ്ഫറൻസ് ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന വികസന സമിതി യോഗത്തിൽ പരാതിയുടെ കെട്ടഴിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനാ നേതാക്കളും. എല്ലാ തവണയും വഴിപാടെന്ന പോലെയാണ് തൊടുപുഴ താലൂക്ക് വികസന സമിതി യോഗം ചേർന്നിരുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോലും യോഗത്തിൽ പങ്കെടുത്ത് പരാതികൾ കേൾക്കാനോ മറുപടി നൽകാനോ വികസന സമിതി യോഗത്തിൽ എത്തിയിരുന്നില്ല. പലപ്പോഴും താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ചുരുക്കം ജനപ്രതിനിധികളെയും മറ്റും യോഗത്തിന്റെ വിവരമറിയിച്ചിരുന്നത്. അതിനാൽ വികസന സമിതി യോഗത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തിരുന്നത്.
ഈ സാഹചര്യത്തിൽ താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ താലൂക്ക് വികസന സമിതി യോഗം ബഹിഷ്കരിക്കുമെന്ന് തഹസിൽദാരെ അറിയിച്ചിരുന്നു. തുടർന്ന് ഇത്തവണ തഹസിൽദാർ നേരിട്ട് തന്നെ ജനപ്രതിനിധികളെ വികസന സമിതി യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇത്തവണ വികസനസമിതി യോഗത്തിൽ പങ്കെടുത്തവർ ഒട്ടേറെ പരാതികളും ആവശ്യങ്ങളുമാണ് യോഗത്തിൽ ഉന്നയിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ ഒട്ടേറെ പേർ യോഗത്തിൽ പങ്കെടുത്തു.
മയക്കുമരുന്ന് ലഹരി ഉപയോഗവും വില്പനയും കരിങ്കുന്നം പഞ്ചായത്തിൽ വ്യാപകമാണെന്നും നിരവധി യുവാക്കൾ ലഹരിക്ക് അടിമയാണെും അതിനാൽഎക്സൈസും പോലീസും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് ആവശ്യപ്പെട്ടു.
ഇലവീഴാപൂഞ്ചിറ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ കടകളോ ഹോട്ടലുകളോ ഇല്ലെന്നും അതിനാൽ ഇവിടെ വരുന്ന സഞ്ചാരികൾക്ക് ടോയ്ലറ്റ് സൗകര്യം ഒരുക്കണമെന്ന് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് ആവശ്യപ്പെട്ടു.
13 പഞ്ചായത്തുകളെ ഉൾപ്പെടുത്തി മുട്ടം പഞ്ചായത്തിൽനിന്ന് ആരംഭിച്ച കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നായിരുന്നു പ്രസിഡന്റ് മേഴ്സി ദേവസ്യയുടെ ആവശ്യം.
മുട്ടം പഞ്ചായത്തിലെ കോടതി ജംഗ്ഷനിൽ നിർമിച്ച വെയിറ്റിംഗ് ഷെഡിനു മുന്നിൽ ബസുകൾ നിർത്താൻ നടപടി സ്വീകരിക്കണമെന്ന് ടോമി ജോർജ് മൂഴിക്കുഴിയിൽ ആവശ്യപ്പെട്ടു. മുട്ടം ടൗണിൽ ബസുകൾ സീബ്രാ ലൈനിൽ നിർത്തുന്നതായും അദ്ദേഹം ആരോപിച്ചു.
മരം മുറിക്കുന്ന വിഷയങ്ങളിൽ പഞ്ചായത്ത് അധികൃതരുമായി ആശയ വിനിമയം നടത്തി ഇത്തരത്തിലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കണമെന്ന് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ആവശ്യപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തതുൾപ്പെടെയുള്ള അപാകതകൾ കോണ്ഗ്രസ് -എസ് ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മൈതീൻ ഉന്നയിച്ചു.
പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട് വണ്ണപ്പുറം, ഉടുന്പന്നൂർ, വെള്ളിയാമറ്റം, കോടിക്കുളം പഞ്ചായത്തുകളിൽ ജോയിന്റ് വേരിഫിക്കേഷൻ നടക്കാത്ത പ്രദേശങ്ങളിലെകർഷകർക്ക് പട്ടയം ലഭിക്കുന്നതിനായി വില്ലേജുകളിലും എൽഎ ഓഫീസിലും ആറു മാസങ്ങൾക്ക് മുന്പ് അപേക്ഷ സ്വീകരിച്ചിരുന്നെങ്കിലും ഇതിന്റെ തുടർ നടപടികൾ നിലച്ചിരിക്കുകയാണെന്ന് ആർഎസ്പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി എ.ആർ. രതീഷ് പറഞ്ഞു.
ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് അധ്യക്ഷത യോഗത്തിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എ.എസ്. ബിജിമോൾ, ഡെപ്യൂട്ടി തഹസിൽദാർ റഷീല കബീർ, ജോണ് നെടിയപാല, മുഹമ്മദ് ഷെറീഫ് എന്നിവർ പ്രസംഗിച്ചു. പോലീസ്, എക്സൈസ്, മോട്ടോർവാഹന വകുപ്പ്, കെഎസ്ഇബി, പിഡബ്ല്യുഡി, സപ്ലൈ ഓഫീസ്, വാട്ടർ അഥോറിറ്റി, ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, എംപ്ലോയ്മെന്റ് വകുപ്പ്, താലൂക്ക് സർവെ ഓഫീസ് എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.