യാത്രയ്ക്കിടെ നെഞ്ചുവേദന: മധ്യവയസ്കന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ
1493354
Wednesday, January 8, 2025 3:12 AM IST
ചെറുതോണി: നെഞ്ചുവേദനയുണ്ടായ മധ്യവയസ്കന്റെ ജീവൻ നിലനിർത്താൻ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലേക്ക് ബസ് 'പായിച്ച' കെഎസ് ആർടിസി ജീവനക്കാർക്ക് നാടിന്റെ അനുമോദനം. ഇന്നലെ രാവിലെ 10ന് മൂന്നാർ - കുയിലിമല ബസില്‍ മുരിക്കാശേരിയില്‍നിന്ന് കയറിയ താമഠത്തില്‍ രാമന്‍കുട്ടി (58) ക്കാണ് കെഎസ്ആർടിസി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ പുതുജന്മം ലഭിച്ചത്.
രാമൻകുട്ടിക്ക് തടിയമ്പാടുകഴിഞ്ഞപ്പോഴാണ് കലശലായ നെഞ്ചുവേദനയുണ്ടായത്. വേദന ശക്തമായതോടെ ഒപ്പമുണ്ടായിരുന്ന മകന് ആദില്‍ ബസ് ജീവനക്കാരെ വിവരമറിയിച്ചു. ഉടന്‍തന്നെ നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് എവിടെയും നിർത്താതെ നേരേ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പാഞ്ഞു. പല പ്രാവശ്യം ബസ് പുറകോട്ടേടുത്ത ശേഷമാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ എത്തിക്കാനായത്.
ആശുപത്രി മുറ്റത്തിട്ട് വാഹനം തിരിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായി ഡ്രെെവർ പറഞ്ഞു. രാമന്‍കുട്ടി ഹൃദ്രോഗം ഉള്ളയാളാണ്. അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ നല്കിയതിനാല് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെടുകയായിരുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ചശേഷമാണ് ചെറുതോണിയിലും പൈനാവിലും ഇറങ്ങാനുള്ള യാത്രക്കാരെ കൊണ്ടുവിട്ടത്. ഡ്രൈവര്‍ മൂന്നാര്‍ സ്വദേശി പോള്‍ പാണ്ഡ്യന്, കണ്ടക്ടര്‍ ചടയമംഗലം - കടയ്ക്കല്‍ എം. അനൂപ് എന്നിവരാണ് രാമൻകുട്ടിക്ക് രക്ഷകരായത്.
ഒരു വര്‍ഷമായി ഇവരാണ് ഈ വാഹനത്തിലെ ജീവനക്കാർ. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ യാത്രക്കാര്‍ അഭിനന്ദിച്ചു.