കൊച്ചി-മൂന്നാർ, അടിമാലി-കുമളി ദേശീയപാത അവലോകനയോഗം ചേർന്നു
1493359
Wednesday, January 8, 2025 3:12 AM IST
അടിമാലി: കൊച്ചി-മൂന്നാർ, അടിമാലി-കുമളി ദേശീയപാതയുടെയും നിർമാണ അവലോകനയോഗം അടിമാലിയിൽ നടന്നു. റോഡ് നിർമാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ദേശീയപാത നിർമാണത്തിൽ പ്രദേശവാസികൾക്ക് ഉണ്ടായിട്ടുള്ള പരാതികൾ പരിഹരിച്ച് മുന്നോട്ടു പോകാമെന്ന് എൻഎച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ പള്ളിവാസൽ മുതൽ വാളറ വരെയുള്ള ഭാഗത്തെ പരാതികൾ നേരിട്ടു പരിശോധിച്ചതിനു ശേഷം പരിഹാരം കാണുമെന്ന് എംപി ഉറപ്പ് നൽകി . അടിമാലി-കുമ്പിളി ദേശീയപാതയുടെ അലൈൻമെന്റിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും എംപി പറഞ്ഞു. അവലോകന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എൻഎച്ച് ഡയറക്ടർ ടി. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
അലൈൻമെന്റിൽ മാറ്റം വേണം
അടിമാലി-കുമളി ദേശീയപാതയുടെ നിലവിലെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലവിൽ-അമ്പലപ്പടി ഭാഗത്താണ് ദേശീയപാത തുടങ്ങുന്നത്. ഇത് വളവോടുകൂടിയ ഭാഗമായതും ഹൈസ്കൂൾ, ബിഎഡ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലവുമാണ്. രാവിലെയും വൈകുന്നേരവും ഈ ഭാഗങ്ങളിൽ വാഹനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അമ്പലത്തിലെ ഉത്സവ സമയങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടും.
ഇവിടെ ദേശീയപാത ആരംഭിക്കുമ്പോൾ കൂടുതൽ തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയകക്ഷികളും സംഘടനാ പ്രതിനിധികളും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. പകരം മിനിപ്പടി ഭാഗത്തേക്ക് അലൈൻമെന്റ്് മാറ്റണമെന്നാണ് ആവശ്യം. നിലവിലെ അലൈൻമെന്റ് ചില വ്യക്തി താത്പര്യത്തിന് വേണ്ടിയാണെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും: ഡീൻ കുര്യാക്കോസ്
അടിമാലിയിൽനിന്ന് ആരംഭിക്കുന്ന എൻഎച്ച്-185 അടിമാലി-കുമളി ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അഡ്വ.ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ട്. ഇനിയുള്ള 21 ദിവസം ഏതെങ്കിലും തരത്തിലുള്ള പരാതികൾ സമർപ്പിക്കവാനുള്ള സമയമാണ്.
അടിമാലിക്ക് ഒരു ബൈപാസ് റോഡും അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അലൈൻമെന്റ് കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിലുള്ള അലൈൻമെന്റിൽ ചില ഭേദഗതികൾ പ്രദേശവാസികളും മറ്റ് സംഘടനകളും മുൻപോട്ടുവച്ചിട്ടുണ്ട് . ഈ ഭേദഗതികൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ തീരുമാനിച്ചതായി എംപി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് അടിമാലി - കുമളി ദേശീയപാത നിർമിക്കുന്നത്. ആദ്യഘട്ടം പനംകുട്ടി മുതൽ ഡബിൾകട്ടിംഗ് വരെയുള്ള ഭാഗമാണ്. 30 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. പുതിയ പാലങ്ങളും പൂർത്തീകരിക്കുന്നുണ്ട് . നിലവിൽ അടിമാലി മുതൽ കുമളി വരെയുള്ള ദൂരം 90 കിലോമീറ്ററാണ്. ഇത് 77 കിലോമീറ്ററായി കുറയും. കീരിത്തോട്, കരിമ്പൻ,ചേലച്ചുവട്, ചെറുതോണി, കട്ടപ്പന, ആനവിലാസം, കുമളി എന്നിവിടങ്ങളിൽ ബൈപാസ് റോഡുകളും യാഥാർഥ്യമാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് എംപി വ്യക്തമാക്കി.