വാഹനമില്ലാതെ വലഞ്ഞ് മോട്ടോർ വാഹനവകുപ്പ്
1493654
Wednesday, January 8, 2025 10:45 PM IST
തൊടുപുഴ: പേര് മോട്ടോർ വാഹന വകുപ്പ്. എന്നാൽ പേരിനു പോലും ഒരു വാഹനമില്ല. ഉദ്യോഗസ്ഥർക്ക് എവിടെയെങ്കിലും ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങളെയൊ പൊതു ഗതാഗതത്തെയോ ആശ്രയിക്കണം. ജില്ലയിൽ മോട്ടോർ വാഹനവകുപ്പിന്റെ നാല് സബ് ഓഫീസുകളാണ് സ്വന്തമായി വാഹനമില്ലാതെ വലയുന്നത്. തൊടുപുഴ, ദേവികുളം, നെടുങ്കണ്ടം, പീരുമേട് സബ് ആർടിഒ ഓഫീസുകളിലാണ് വാഹനമില്ലാത്തത്.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തുകളിൽനിന്നു പിൻവലിക്കണമെന്ന നിയമം നിലവിൽ വന്നതോടെയാണ് സബ് ഓഫീസുകളിലുണ്ടായിരുന്ന ബൊലേറോ ജീപ്പുകൾ ഇവിടെനിന്നു തിരിച്ചയച്ചത്. വാഹനങ്ങൾ തിരികെ നൽകി മാസങ്ങളായിട്ടും പുതിയ വാഹനങ്ങൾ ഓഫീസുകൾക്ക് ലഭ്യമായിട്ടില്ല. സംസ്ഥാനത്തെ നാൽപതോളം സബ് ആർടിഒ ഓഫീസുകളിലും ഇതു തന്നെയാണ് അവസ്ഥ.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ വിസ്തൃതമായ മേഖലയാണ് നാല് സബ് ആർടിഒ ഓഫീസുകളുടെയും പരിധിയിൽ വരുന്നത്. മലയോര പാതകളിലാകട്ടെ പലപ്പോഴും അപകടങ്ങളും പതിവാണ്. ജില്ലയിൽ ഏറ്റവും തിരക്കുള്ള സബ് ഓഫീസാണ് തൊടുപുഴയിൽ പ്രവർത്തിക്കുന്നത്. രണ്ടു വർഷത്തോളമായി ഇവിടെ വാഹനമില്ലാത്ത സ്ഥിതിയാണ്. ദേവികുളം സബ് ഓഫീസിനും വളരെ വിസ്തൃതമായ പരിധിയാണുള്ളത്. നേര്യമംഗലം മുതൽ സംസ്ഥാന അതിർത്തിയായ ചിന്നാർ വരെ വ്യാപിച്ചു കിടക്കുന്നതാണ് ഇവരുടെ പ്രവർത്തന മേഖല.
കൂടാതെ മാങ്കുളം, ബൈസണ്വാലി, ഇടമലക്കുടി പോലെ ഉൾനാടൻ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. ടൂറിസം മേഖലയായതിനാൽ ഇതു സംബന്ധിച്ച പരിശോധനകളും നടത്തണം. പീരുമേട്, നെടുങ്കണ്ടം ഓഫീസുകൾക്കു കീഴിൽ ഏറെ ദൂരെ സ്ഥിതി ചെയ്യുന്ന തോട്ടം മേഖലകളുമുണ്ട്. ഇവിടെയെല്ലാം എത്തിച്ചേരാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പല മേഖലകളിലും പോകണമെങ്കിൽ ടു വീൽ ഡ്രൈവ് ഉള്ള ജീപ്പ് തന്നെ വേണ്ടി വരും
.
അപകടങ്ങൾ ഉണ്ടായാൽ തുടർ നടപടികൾക്കായി അടിയന്തരമായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണം. ഇതിനു പുറമേ ആഴ്ചയിൽ രണ്ടു വീതം ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, വാഹന പരിശോധന, സ്കൂൾ വാഹനങ്ങളുടെ പരിശോധന, പൊലൂഷൻ സെന്റർ പരിശോധന, ബസ് റൂട്ട് പരിശോധന എന്നിവയെല്ലാം നടത്തണം.
എന്നാൽ വാഹനമില്ലാത്തതു മൂലം സമയത്ത് അപകട സ്ഥലത്തെത്താൻ പോലും മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് കഴിയാറില്ല. അപകടമുണ്ടാകുന്പോൾ അതിന്റെ കൃത്യമായ പരിശോധന റിപ്പോർട്ട് നൽകേണ്ടത് മോട്ടോർവാഹന വകുപ്പാണ്. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് ഉദ്യോഗസ്ഥർ ഇപ്പോൾ സ്ഥലത്തെത്തുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനവും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കും.
ജോയിന്റ് ആർടിഒയ്ക്കു പുറമേ രണ്ട് എംവിഐമാർ, മൂന്ന് എഎംവിഐമാർ എന്നിവരാണ് വാഹന പരിശോധനകൾക്കും മറ്റുമുള്ളത്. എംവിഐമാരും എഎംവിഐമാരുമാണ് ഫീൽഡ് പരിശോധനകൾക്കായി പോകേണ്ടത്. നിലവിൽ സ്വന്തം വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് ഇവർ ഇത്തരം പരിശോധനകൾക്കായി പോകുന്നത്.
പുതിയ വാഹനങ്ങൾ നൽകുന്ന കാര്യത്തിൽ ഇതുവരെ വകുപ്പുതലത്തിൽ തീരുമാനമുണ്ടായിട്ടില്ല. വാഹനങ്ങളില്ലാത്തതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും ഉന്നതതലത്തിൽനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല. ഇതിനിടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇരുചക്രവാഹനങ്ങൾ നൽകാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല.