വ്യാപാരികൾ ആശങ്കയിൽ; ഒരു വർഷത്തിനിടെ കോടിയുടെ ഏലക്കാ മോഷണം
1493360
Wednesday, January 8, 2025 3:12 AM IST
തൊടുപുഴ: കഴിഞ്ഞ ഒരുവർഷത്തിനിടെ ഹൈറേഞ്ച് മേഖലയിൽ ഒരുകോടിയോളം വിലവരുന്ന ഏലക്ക, കുരുമുളക് അടക്കം മോഷണം പോയത് വ്യാപാരമേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സുഗന്ധവ്യഞ്ജന വ്യാപാരികളുടെ സംഘടനയായ സ്പൈസസ് ട്രേഡേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കട്ടപ്പനയിലെ ആർഎംഎസ് സ്പൈസസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 120 കിലോ ഏലക്ക മോഷ്ടിച്ച കാമാക്ഷിപുരം എസ്ഐ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പിടികൂടി തൊണ്ടിമുതൽ കണ്ടെടുക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ സംരക്ഷണം ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജനുവരി മൂന്നിനു പുലർച്ചെയാണ് കട്ടപ്പന ജ്യോതിഷ് ജംഗ്ഷനിലെ ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആർഎംഎസ് സ്പൈസസിൽ മോഷണം നടന്നത്. കട്ടപ്പനയിൽനിന്നു മോഷ്ടിച്ച പെട്ടി ഓട്ടോയിലാണ് കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും ചേർന്ന് സ്ഥാപനത്തിന്റെ ജനൽ തകർത്ത് ചാക്കിൽ സൂക്ഷിച്ചിരുന്ന ഏലക്ക മോഷ്ടിച്ചത്. മോഷണത്തിനായി ഉപയോഗിച്ച പെട്ടി ഓട്ടോ പിന്നീട് ചെറുതോണി പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതിയെ തിരിച്ചറിഞ്ഞ കട്ടപ്പന പോലീസ് ദുർഘടപാതയിലൂടെ എട്ടു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞെങ്കിലും പടക്കം എറിഞ്ഞും അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ മനുഷ്യപരിചയായി ഉപയോഗിച്ചും ഭീകരാന്തരീഷം സൃഷ്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പ്രതിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ പട്ടിക ജാതി പീഡനം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
നിയമത്തിന്റെ പഴുതുപയോഗിച്ച് മോഷണക്കേസിലെ പ്രതിയെ രക്ഷിക്കാനായി ഉന്നയിക്കുന്ന ആരോപണം അംഗീകരിക്കാനാവില്ലെന്ന് സ്പൈസസ് ട്രേഡേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എ. ജോസഫ്, ജനറൽ സെക്രട്ടറി ബിബിൻ മാത്യു, ജോയിന്റ് സെക്രട്ടറി ചന്ദ്രൻ പനയ്ക്കൽ എന്നിവർ പറഞ്ഞു.
ഒരേസമയം രണ്ടു മോഷണം നടത്തിയ പ്രതിയെ എന്തു വിലകൊടുത്തും അറസ്റ്റ് ചെയ്യണമെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടി മേലുദ്യോഗസ്ഥരുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
കർഷകരിൽനിന്നു സംഭരിക്കുന്ന ഏലക്ക അവധിക്ക് വിൽപ്പന നടത്തിയും വിദേശ വിപണികളെ ആശ്രയിച്ചും വിപണനം നടത്തുന്നതിനാലാണ് സ്റ്റോറുകളിൽ മാസങ്ങളോളം സൂക്ഷിക്കേണ്ടിവരുന്നത്.
കർഷകർക്ക് മുഴുവൻ തുകയും നൽകി സംഭരിക്കുന്ന ഏലക്ക മോഷണം പോയാൽ ട്രേഡർമാർക്കുണ്ടാകുന്ന നഷ്ടം ഭീമമാണ്. ഇത്തരം സാഹചര്യമുണ്ടായാൽ അധികനാൾ പിടിച്ചുനിൽക്കാനാകാതെ വരും.
കള്ളക്കേസ് നൽകി അന്വേഷണ ഉദ്യോഗസ്ഥരെ സമർദത്തിലാക്കുന്ന മോഷ്ടാക്കളുടെ ഗീബൽസിയൻ തന്ത്രം ചെറുത്തുതോൽപ്പിക്കണമെന്നും ഇത്തരക്കാരെ പിടികൂടി കൽത്തുറങ്കിൽ അടയ്ക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.