വഴിയോര വില്പനശാലകൾക്കെതിരേ നടപടി
1493635
Wednesday, January 8, 2025 10:45 PM IST
അടിമാലി: മൂന്നാറില്‍ വീണ്ടും അനധികൃത വഴിയോര വില്പ്പനശാലകള്ക്കെതിരേ നടപടി. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന രണ്ടാംമൈലിലടക്കം ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന വഴിയോരക്കച്ചവട ശാലകള്‍ നീക്കം ചെയ്തു. വന്‍ പോലീസ് സംരക്ഷണയിലായിരുന്നു ഒഴിപ്പിക്കല്‍.
വഴിയോര വില്‍പ്പനശാലകള്‍ നാളുകള്‍ക്ക് മുമ്പ് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. ഒഴിപ്പിക്കലിനെതിരേ രാഷ്ട്രീയ സമ്മര്‍ദമേറിയതോടെ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മൂന്നാറിലെ അനധികൃത വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില കോടതി നിര്‍ദേശങ്ങളുമുണ്ടായി. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും നടപടി ആരംഭിച്ചിരിക്കുന്നത്.
വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. വഴിയോര വില്‍പ്പനശാലകള്‍ വര്‍ധിച്ചതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി വ്യാപകമായ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടി.