നഗരസഭയിൽ ഭരണ മുന്നണി ഭിന്നത മറനീക്കി പുറത്ത്
1493095
Monday, January 6, 2025 11:26 PM IST
തൊടുപുഴ: നഗരസഭയിൽ ഭരണ മുന്നണിയിലെ അസ്വാരസ്യം മറനീക്കി പുറത്ത്. സിപിഎം അംഗമായ ചെയർപേഴ്സണ്‍ സബീന ബിഞ്ചുവും സിപിഐ അംഗം മുഹമ്മദ് അഫ്സലും നവമാധ്യമങ്ങളിൽ നടത്തിയ ആരോപണ പ്രത്യാരോപണങ്ങൾ മുന്നണിയിലെ തർക്കം രൂക്ഷമാക്കി. മങ്ങാട്ടുകവല ബസ്സ്റ്റാൻഡിനെച്ചൊല്ലി കഴിഞ്ഞ കൗണ്‍സിൽ യോഗത്തിലുണ്ടായ തർക്കത്തിന് തുടർച്ചയായാണ് ചെയർപേഴ്സണ്‍ സബീന ബിഞ്ചുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കുറിപ്പിന് താഴെ മുഹമ്മദ് അഫ്സൽ മറുപടി നൽകിയതോടെയാണ് തർക്കം മുറുകിയത്. ഇതിനിടെ ഇരുവർക്കും പിന്തുണയുമായി നിരവധിപ്പേരും രംഗത്തെത്തി.
തൊടുപുഴ നഗരസഭയിൽ വിവിധ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ചില കൗണ്‍സിലർമാർ ബോധപൂർവ ശ്രമം നടത്തുന്നതായാണ് ചെയർപേഴ്സണ്‍ സബീന ബിഞ്ചു ആരോപിച്ചത്. മങ്ങാട്ടുകവല ഉൾപ്പെടുന്ന വാർഡ് കൗണ്‍സിലർതന്നെ കൗണ്‍സിൽ യോഗം നടക്കാൻ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ചെയർപേഴ്സണ്‍ കുറ്റപ്പെടുത്തി.
എന്നാൽ, ചെയർപേഴ്സണ്‍ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശരിയല്ലെന്ന് മങ്ങാട്ടുകവല കൗണ്‍സിലറായ മുഹമ്മദ് അഫ്സൽ തിരിച്ചടിച്ചു. മങ്ങാട്ടുകവല ബസ്സ്റ്റാൻഡുമായി ബന്ധപ്പെട്ട് പലതവണ നിവേദനം നൽകിയെങ്കിലും ചെയർപേഴ്സണ്‍ അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കൂടെയുള്ള പലരും മനസുകൊണ്ടും ശരീരം കൊണ്ടും മറുകണ്ടം ചാടിയപ്പോഴും പാറ പോലെ കൂടെനിന്ന് സംരക്ഷണം ഒരുക്കിയിട്ടുള്ള ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗണ്‍സിൽ ബഹിഷ്കരിച്ച മുതിർന്ന എൽഡിഎഫ് അംഗത്തോടും മൊബൈലിൽ നോക്കിയിരുന്ന ധനകാര്യ ചെയർപേഴ്സണെക്കുറിച്ചുംകൂടി പോസ്റ്റിൽ പറഞ്ഞാൽ നന്നായിരുന്നെന്നും അഫ്സൽ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.