റോഡ് നിർമാണത്തിനെതിരേ വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ
1493657
Wednesday, January 8, 2025 10:45 PM IST
വണ്ണപ്പുറം: നെയ്യശേരി - തോക്കുന്പൻ സാഡിൽ റോഡ് നിർമാണത്തിന് വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. തൊമ്മൻകുത്ത് മണിയൻ സിറ്റി മുതൽ നാരങ്ങാനം വരെയുള്ള ഭാഗത്തെ നിർമാണം തടഞ്ഞാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. റോഡു നിർമാണത്തിനു മുന്പ് അനുമതിയില്ലാതെ മരങ്ങൾ മുറിച്ചതിനും ഇത്തരത്തിൽ മുറിച്ച മരങ്ങൾക്കുമേൽ കല്ലും മണ്ണും ഉൾപ്പെടെ ഇട്ട് നഷ്ടം വരുത്തിയെന്നുമാണ് സ്റ്റോപ്പ് മെമ്മോ നൽകാനുള്ള കാരണമായി വനംവകുപ്പ് പറയുന്നത്.
മരങ്ങൾ മുറിയ്ക്കുന്നതിനുള്ള അനുമതി തേടി ഇവയുടെ പട്ടിക ഉൾപ്പെടെ അപേക്ഷ നൽകിയിരുന്നെങ്കിലും ഇത് നൽകുന്നതിനു മുന്പ് മരങ്ങൾ മുറിച്ചുനീക്കിയെന്നാണ് വനംവകുപ്പ് നോട്ടീസിൽ പറയുന്നത്. എന്നാൽ നാരങ്ങാനം മുണ്ടൻമുടി ഭാഗത്ത് റോഡരികിൽ അപകടാവസ്ഥയിൽനിന്ന മരങ്ങൾ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതിയോടെയാണ് നാട്ടുകാർ മുറിച്ച് റോഡരികിൽ കൂട്ടിയിട്ടത്. ഇതിന്റെ പേരിൽ കെഎസ്ടിപിക്കും നിർമാണം ഏറ്റെടുത്ത കരാറുകാരനെതിരേയും വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസിൽ പ്രതി സ്ഥാനത്തുള്ളവർ അന്വേഷണവുമായി സഹകരിക്കാത്തതും സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമായി പറയുന്നുണ്ട്.
27 കിലോമീറ്റർ ദൈർഘ്യമുള്ള നെയ്യശേരി - തോക്കുന്പൻ സാഡിൽ റോഡ് കരിമണ്ണൂരിൽനിന്ന് തുടങ്ങി തൊമ്മൻകുത്ത് നാരങ്ങാനം മുണ്ട·ുടിയിൽ എത്തി ആലപ്പുഴ - മധുര സംസ്ഥാന പാതയുമായി സന്ധിക്കും. പിന്നീട് വണ്ണപ്പുറം പെട്രോൾ പന്പ് ജംഗ്ഷൻ മുതൽ പട്ടയക്കുടി വരെയാണ് ജർമൻ സഹായത്തോടെ ആധുനിക നിലവാരത്തിൽ നിർമിക്കുന്നത്.
പട്ടയക്കുടിയിൽനിന്ന് വഞ്ചിക്കൽ പൊന്നെടുത്താൻ വഴി പഴയരിക്കണ്ടം വരെയുള്ള ഭാഗത്ത് പിഡബ്ല്യുഡി നടത്തുന്ന നിർമാണം അവസാന ഘട്ടത്തിലാണ്. രണ്ടു റോഡും പൂർത്തി യാകുന്പോൾ വണ്ണപ്പുറം പഞ്ചായത്തിന്റെ മലയോര മേഖലകളിൽ ബിഎം ബിസി നിലവാരത്തിലുള്ള റോഡെത്തും എന്ന പ്രത്യേകതയുമുണ്ട്.
ഒന്നര പതിറ്റാണ്ടിന് മുന്പാണ് മൂന്ന് പഞ്ചായത്തുകളുടെ വികസനത്തിനുതകുന്ന നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡ് നിർമാണം പരിഗണനയിൽ വന്നത്. അന്നുതന്നെ വനംവകുപ്പ് കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
പിന്നീട് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ തടസങ്ങൾ നീക്കി റോഡ് നിർമാണം തുടങ്ങിയത്. എന്നാൽ ഇപ്പോഴും നിസാര കാരണങ്ങളുടെ പേരിൽ നിർമാണം തടസപ്പെടുത്താനാണ് വനംവകുപ്പിന്റെ ശ്രമമെന്ന് നാട്ടുകാർ ആരോപിക്കുന്നു.