കല്ലാർകുട്ടി പട്ടയവിഷയം: സമരസമിതി ഡാം ഉപരോധിച്ചു
1493633
Wednesday, January 8, 2025 10:45 PM IST
അടിമാലി: പട്ടയ വിഷയത്തില്‍ കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കര്‍ഷകര്‍ കല്ലാര്‍കുട്ടി ഡാം ഉപരോധിച്ചു. കല്ലാര്‍കുട്ടി റേഷന്‍കട സിറ്റിയില്‍നിന്നു പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ ഡാം ടോപ്പിന് മുകളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് കര്‍ഷകര്‍ അടിമാലി - കുമളി ദേശീയ പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കല്ലാര്‍കുട്ടി ജലാശയത്തിന്റെ സമീപമേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്.
നിരന്തരം ആവശ്യമുന്നയിച്ചിട്ടും പട്ടയമെന്ന ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഉപരോധ സമരത്തിന് ശേഷം കല്ലാര്‍കുട്ടി ടൗണില്‍ കര്‍ഷകസമ്മേളനം നടന്നു.
കല്ലാർകുട്ടി പട്ടയ അവകാശ സംരക്ഷണസമിതി മുഖ്യരക്ഷാധികാരി ഫാ. മാത്യു വളവനാല്‍ സമരം ഉദ്ഘാടനം ചെയ്തു.
ചെയര്മാന് പി.വി. അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ ജെയിന്‍സ് യോഹന്നാന്, ട്രഷറര്‍ സാജു സ്കറിയ, കണ്‍വീനര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, പി.എസ്. ജോര്‍ജ്, റസാഖ് ചൂരവേലില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങള്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും കര്‍ഷകരും സമ്മേളനത്തില്‍ സംബന്ധിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ അധിവസിക്കുന്ന 3500ലധികം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്.
അണക്കെട്ടിൽ വീണ്ടും വെള്ളം നിറഞ്ഞു
അടിമാലി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടില്‍ വീണ്ടും വെള്ളം നിറഞ്ഞു. ഡിസംബര്‍ 27നായിരുന്നു അണക്കെട്ടിലെ വെള്ളം പൂര്‍ണമായി വറ്റിച്ചത്.
അണക്കെട്ടില്‍ ടണലിന് മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കുന്ന ജോലികള്ക്കായായിരുന്നു സ്ലൂയിസ് വാല്‍വ് തുറന്ന് അണക്കെട്ടിലെ വെള്ളം പൂര്‍ണമായി ഒഴുക്കിക്കളഞ്ഞത്. ഇതിന് ശേഷം അറ്റകുറ്റപ്പണികള്‍ നടത്തി. പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ഡാമില്‍ വീണ്ടും വെള്ളം നിറച്ചത്. ഇന്നലെ വൈദ്യുതി ഉത്പാദനവും ആരംഭിച്ചതായി കെഎസ്ഇ ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
1961ലാണ് കല്ലാര്‍കുട്ടി അണക്കെട്ട് കമ്മീഷന് ചെയ്തത്. ഇവിടെനിന്നും നേര്യമംഗലം ജലവൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ടണല്‍മുഖത്തെ ട്രാഷ് റാക്ക് അക്കാലത്ത് സ്ഥാപിച്ചതാണ്.
ഇടയ്ക്കിടെ തകരാറിലാകുന്ന ട്രാഷ് റാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്.
കാലഹരണപ്പെട്ട ട്രാഷ് റാക്ക് മാറ്റി പുതിയത് സ്ഥാപിച്ചത് ആദ്യമായാണ്. അണക്കെട്ടില്‍ ധാരാളമായി മണലും ചെളിയും വന്നടിഞ്ഞിരിക്കുന്നതിനാല് ഏറ്റവും താഴ് ഭാഗത്തെ ട്രാഷ് റാക്കുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
മണലും ചെളിയും നീക്കുന്ന മുറക്ക് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.