നിക്ഷേപം ലഭിച്ചില്ല: അർബൻ ബാങ്കിൽ യുവാവിന്റെ പ്രതിഷേധം
1493639
Wednesday, January 8, 2025 10:45 PM IST
തൊടുപുഴ: അർബൻ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണം തിരികേ ലഭിക്കാത്തതിനെത്തുടർന്ന് ബാങ്കിനു മുന്നിൽ പ്രതിഷേധിച്ച് നിക്ഷേപകൻ. വണ്ണപ്പുറം സ്വദേശി അഞ്ചപ്രയിൽ സിബിൻ (45) ആണ് പ്രതിഷേധവുമായി ബാങ്കിലെത്തിയത്. മാതാപിതാക്കളുടെ ചികിത്സ സംബന്ധമായ ആവശ്യത്തിനായാണ് പണം ആവശ്യപ്പെട്ട് സിബിൻ തൊടുപുഴ അർബൻ സഹകരണ ബാങ്കിൽ എത്തിയത്.
നിക്ഷേപ തുകയായ 4.75 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാൻ പലതവണ വണ്ണപ്പുറം ബ്രാഞ്ചിലും തൊടുപുഴ ഹെഡ് ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല. ബാങ്കിനു മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം നില നിൽക്കുന്നതിനാൽ പണം തരാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പണം ലഭിക്കാതെ തിരികെ പോകില്ലെന്ന് അറിയിച്ച് ബാങ്കിനു മുന്നിൽ സിബിൻ പ്രതിഷേധിച്ചു.
പിന്നീട് പോലീസ് എത്തി സിബിനെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് 50,000 രൂപ നൽകാമെന്നും ബാക്കി തുക 15 ദിവസത്തിനകം നൽകാമെന്നും പറഞ്ഞ് സിബിനെ തിരിച്ചയയ്ക്കുകയായിരുന്നു.
കട്ടപ്പനയിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെത്തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം വലിയ വിവാദത്തിനിടയാക്കിയിരുന്നു. തൊടുപുഴ അർബൻ സഹകരണ ബാങ്കിൽ നിക്ഷേപം തിരികേ ലഭിക്കാത്തതിനെത്തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.