പുഴയുടെ ഒഴുക്കിന് തടസമായിനിന്ന തുരുത്ത് നീക്കി
1493655
Wednesday, January 8, 2025 10:45 PM IST
തൊമ്മൻകുത്ത്: പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമായി നിന്നിരുന്ന വലിയ തുരുത്ത് ഭാഗികമായി നീക്കംചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കി. കനത്ത മഴക്കാലത്ത് വലിയതോതിൽ വെള്ളം വരുന്നതോടെ തൊമ്മൻകുത്ത് പുഴയുടെ മുക്കാൽ ഭാഗത്തോളമുള്ള തുരുത്തിന്റെ എതിർദിശയിലേക്ക് വെള്ളം കയറുന്നതു പതിവായിരുന്നു.
പുഴയിലെ മണലും മറ്റ് തടസങ്ങളും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കളക്ടറുടെ നിർദേശ പ്രകാരം ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും മഴക്കാലമെത്തിയതോടെ പ്രവർത്തനം തടസപ്പെട്ടു. പിന്നീട് തുടർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരിമണ്ണൂർ പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിൻ കളക്ടർക്ക് കത്തു നൽകിയതോടെ വീണ്ടും ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകുകയായിരുന്നു.
തൊമ്മൻകുത്ത് പുഴയുടെ പല ഭാഗങ്ങളിൽ മണൽ വന്നു നികന്നതിനാൽ ഇതു ലേലം ചെയ്തു നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും ബിബിൻ അഗസ്റ്റിൻ ആവശ്യപ്പെട്ടു.