കേരള കർഷക യൂണിയൻ പ്രതിനിധി സമ്മേളനവും നെൽക്കർഷക സമരവും ഇന്ന് കോട്ടയത്ത്
1493936
Thursday, January 9, 2025 11:01 PM IST
ചെറുതോണി: കേരള കർഷക യൂണിയൻ സംസ്ഥാന പ്രവർത്തകയോഗവും കോട്ടയം ജില്ലാ യോഗവും ഇന്ന് രാവിലെ 10.30ന് കോട്ടയം കേരള കോൺഗ്രസ് ഓഫീസ്ഹാളിലും സംസ്ഥാന തല നെൽ കർഷക സമരം ഉച്ചയ്ക്ക് 12.15ന് പാഡി ഓഫീസ് പടിക്കലും നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന അറിയിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ്് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിക്കും.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യുട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പ്രസിഡന്റ്് അഡ്വ. ജയ്സൺ ജോസഫ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
നെൽക്കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡി പൂർണമായും നൽകുക, സംഭരിക്കപ്പെട്ട നെല്ലിന്റെ വില നൽകുക, കനാലുകളുടെ നിർമാണം പൂർത്തിയാക്കി വെള്ളക്ഷാമം പരിഹരിക്കുക, നെൽക്കർഷക പ്രശ്നങ്ങൾ സംബന്ധിച്ച് തയാറാക്കിയ ബേബി കമ്മീഷൻ റിപ്പോർട്ട് കർഷക സംഘടനകളും കർഷകരുമായി ചർച്ച ചെയ്ത് ആവശ്യമായ ദേദഗതികളോടെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
നിയമസഭ സമ്മേളനത്തിൽ നെൽക്കർഷക പ്രതിസന്ധി പരിഹരിക്കുകയും വനനിയമ ഭേദഗതി ബിൽ പിൻവലിക്കുകയും വന്യജീവിശല്യം തടയാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യാത്തപക്ഷം സംസ്ഥാന വ്യാപകമായി നടത്തേണ്ട സമരങ്ങൾക്കും ജില്ലാ യോഗങ്ങൾക്കും നിയോജകമണ്ഡലം കർഷക നേതൃത്വ സംഗമങ്ങൾക്കും പ്രവർത്തകയോഗം രൂപം നൽകുമെന്നും സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന എന്നിവർ അറിയിച്ചു.