വിടവാങ്ങിയത് പോലീസ് സേനയിലെ സൗമ്യമുഖം
1493932
Thursday, January 9, 2025 11:01 PM IST
അറക്കുളം: പോലീസ് സേനയിലെ സൗമ്യമുഖമായിരുന്നു ഇന്നലെ അന്തരിച്ച റിട്ട. എസ്പി അറക്കുളം കണിയാംകുന്നേൽ കെ.വി. ജോസഫിന്റേത്. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരോടും സഹപ്രവർത്തകരോടും ഏറെ സൗഹാർദത്തോടെയാണ് ഇടപ്പെട്ടിരുന്നതെങ്കിലും കൃത്യനിർവഹണത്തിൽ കർക്കശനിലപാടും സ്വീകരിച്ചിരുന്നു.
പ്രമാദമായ ഒട്ടേറെ കേസുകളുടെ ചുരുളഴിക്കാനും അദ്ദേഹത്തിനായിരുന്നു.1982-ൽ പ്രിൻസിപ്പൽ എസ്ഐ ആയാണ് സർവീസിൽ പ്രവേശിച്ചത്. 36 വർഷത്തെ സേവനത്തിനിടെ എസ്ഐ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈഎ,സ്പി, എസ്പി എന്നീ മേഖലകളിൽ പോലീസ്, വിജിലൻസ്, റെയിൽവേ, നാർക്കോട്ടിക് എന്നീ വിഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞാർ, കട്ടപ്പന, തൊടുപുഴ, ഇടുക്കി, പെരുന്പാവൂർ, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ വിവിധ ചുമതലകളിൽ നിയമിതനായി. 55ാം വയസിലാണ് ഐപിഎസ് ലഭിക്കുന്നത്. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ടിച്ചു.
കേരള പോലീസ് അക്കാദമി അസി. ഡയറക്ടറായിരിക്കെയാണ് സർവീസിൽനിന്നു വിരമിച്ചത്. കായികമേഖലയിലും മികവ് തെളിയിച്ച കെ.വി. ജോസഫ് വോളിബോൾ നാഷണൽ ലെവൽ യൂണിവേഴ്സിറ്റി ചാന്പ്യനായിരുന്നു. സർവീസിൽനിന്നു വിരമിച്ച ശേഷം നിരവധി സംഘടനകളിൽ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.