കട്ടമുടിക്കുടിയിൽ കൊയ്ത്തുത്സവം നാളെ
1493641
Wednesday, January 8, 2025 10:45 PM IST
ഇടുക്കി: അടിമാലി പഞ്ചായത്തിലെ കട്ടമുടിക്കുടി പാടശേഖരത്തിൽ നാളെ കൊയ്ത്തുത്സവം നടക്കും. വൈകുന്നേരം 3.30ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ട വിളവെടുപ്പും വേനൽക്കാല പച്ചക്കറികൃഷിയുടെ ആരംഭവും ഹരിതനഗർ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ലിൽനിന്നുള്ള കുഞ്ചിപ്പെട്ടി ബ്രാൻഡ് അരി വിപണിയിലെക്കെത്തിക്കുന്നതിന്റെ തുടക്കവും മന്ത്രി നിർവഹിക്കും.
ആദിവാസിവിഭാഗങ്ങൾ മാത്രം അധിവസിക്കുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താൽ ചുറ്റപ്പെട്ട ഇരുപത് ഏക്കറിലാണ് പാടശേഖരം. നെൽകൃഷിക്കു പുറമേ ഈ വർഷം മുതൽ വിപുലമായ വേനൽക്കാല പച്ചക്കറി കൃഷി ആരംഭിക്കാനാണ് പാടശേഖര സമിതിയുടെ ലക്ഷ്യം. കട്ടമുടിക്കുടി പാടശേഖരസമിതിയും പൊൻകതിർ കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുന്നത്. അടിമാലി കൃഷിഭവന്റെയും ശാന്തൻപാറ കൃഷിവിജ്ഞാൻ കേന്ദ്രയുടെയും നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ വികസന വകുപ്പ്, കൃഷി വകുപ്പ്, സലിം അലി ഫൗണ്ടേഷൻ, കൃഷി വിജ്ഞാൻ കേന്ദ്ര, അടിമാലി പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷൻ, എൻജിഒ യൂണിയൻ, വെടു വില്ലേജ് ഫാം ടൂറിസം സ്റ്റാർട്ടപ്പ് തുടങ്ങിയവരുടെ സംയുക്തപ്രവർത്തനങ്ങളാണ് മേഖലയെ ഹരിത നഗറാക്കിമാറ്റുന്നത്.