ഓൺലൈൻ പരിഷ്കരണം; മുദ്രപത്രം കിട്ടാനില്ല
1493929
Thursday, January 9, 2025 11:01 PM IST
ഉപ്പുതറ: ഓൺലൈൻ മുദ്രപത്ര പരിഷ്കാരം ഗുണ ഭോക്താക്കൾക്ക് പ്രഹരമായി. മുദ്ര പത്രങ്ങൾ പൂർണമായും ഇ സ്റ്റാമ്പിംഗ് ആക്കിയതോടെ ആവശ്യക്കാർ നേരിട്ട് വെണ്ടർമാരുടെ അടുത്തു എത്തി പത്രങ്ങൾ വാങ്ങേണ്ട സ്ഥതിയാണ്.
സൈറ്റ് കിട്ടാത്തത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ മൂലം പലപ്പോഴും മുദ്രപത്രം പ്രിന്റ് ചെയ്യാന് കഴിയുന്നില്ല. മണിക്കൂറുകളോളം കാത്തുനിൽക്കുകയും അടച്ച പണം നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ്.
സംസ്ഥാനത്തെ മലയോര ജില്ലകളിൽ വെൻഡർമാർ കുറവാണ്. വളരെ വിസ്തൃതമായ താലൂക്കിൽ പോലും രണ്ടോ മൂന്നോ വെണ്ടർമാർ മാത്രമാണുള്ളത്. ലൈഫ് ഭവന പദ്ധതി അടക്കം പഞ്ചായത്ത്, ബ്ലോക്ക്, കൃഷിഭവന്, ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഇത്തരം മലയോര, ഗ്രാമീണ മേഖലകളിലുള്ളവർ മുദ്രപത്രം വാങ്ങാൻ പണി ഉപേക്ഷിച്ച് കിലോമീറ്ററുകൾ യാത്ര ചെയ്യണം. പത്രത്തിന്റെ നാലിരിട്ടി തുക ഇതിനു ചെലവാകും.
പുതിയ പരിഷ്കാരം അനുസരിച്ച് പ്രിന്റിംഗ് കൂലിയും നൽകണം. 200 രൂപയുടെ പത്രത്തിന് 10 രൂപയാണ് പ്രിന്റിംഗ് ചാർജ്. മുദ്രപത്രം ഓൺലൈനിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നേരത്തേ സർക്കാർ അവസാനിപ്പിച്ചു.
പണം ട്രഷറിയിൽ അടച്ചാൽ മുദ്രപത്രം ഡൗൺലോഡ് ചെയ്തെടുക്കുന്നതാണ് ഓൺലൈൻ രീതി.
ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ കടലാസ് മുദ്രപത്രങ്ങൾ ട്രഷറികളിൽനിന്ന് എടുത്തുവയ്ക്കുന്നത് വെൻഡർമാർ നിർത്തി. ഇതോടെ 500 രൂപയിൽ കുറഞ്ഞ പത്രങ്ങൾ കിട്ടാതെയായി. മുന്നൊരുക്കമില്ലാതെ ഓൺലൈൻ മുദ്രപത്ര പരിഷ്കാരം നടപ്പിലാക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
അക്ഷയ സെന്ററുകൾ, ബാങ്കുകൾ എന്നിവ വഴി സ്റ്റാമ്പിംഗ് മുദ്ര പേപ്പർ കിട്ടുന്നതിന് സൗകര്യം ഉണ്ടായാൽ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ ഈ ആവശ്യത്തിൽ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.