തമിഴ്നാട് അവകാശമുന്നയിച്ച കമ്പംമെട്ടിലെ സ്ഥലം സംസ്ഥാന സർവേ വകുപ്പ് അളന്നു
1493935
Thursday, January 9, 2025 11:01 PM IST
നെടുങ്കണ്ടം: തമിഴ്നാട് വനംവകുപ്പ് അവകാശവാദമുന്നയിച്ച കമ്പംമെട്ടിലെ സ്ഥലം സംസ്ഥാന സർവേ വകുപ്പ് അളന്നു. കമ്പംമെട്ടിലെ കേരള-തമിഴ്നാട് അതിർത്തിയിൽ മലയാളി കുടുംബം പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തിനാണ് മാസങ്ങൾക്ക് മുൻപ് തമിഴ്നാട് അവകാശവാദവുമായി രംഗത്തെത്തിയത്.
കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേക്ക് സമീപം പതിറ്റാണ്ടുകളായി വീട് നിലനിൽക്കുന്ന സ്ഥലത്താണ് തമിഴ്നാട് ഉടമസ്ഥാപകാശം ഉന്നയിച്ചത്. സ്ഥലം തങ്ങളുടേതാണെന്നും ഒഴിഞ്ഞുപോകണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ഇവിടെ താമസിക്കുന്ന നിർധന കുടുംബം കരുണാപുരം വില്ലേജ് ഓഫീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ഭൂരേഖ തഹസിൽദാർക്ക് കരുണാപുരം വില്ലേജ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അച്ചാമ്മ വാഴക്കാലായിൽ എന്നയാൾക്ക് നാലു വർഷം മുൻപ് ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച നൽകിയ വീടാണിത്. കരുണാപുരം പഞ്ചായത്ത് ഒൻപതാം വാർഡിൽ 675ആം വീട്ടുനമ്പറിൽ സ്ഥിതി ചെയ്യുന്ന പഴയവീട് 2004ൽ കമ്പംമെട്ട് സ്വദേശിയിൽനിന്ന് ഇവർ വാങ്ങിയതാണ്.
ഒരു വർഷം മുൻപ് അച്ചാമ്മ മരണപ്പെട്ടു. നിലവിൽ അച്ചാമ്മയുടെ മകൾ ഏലിയാമ്മയും രണ്ടു മക്കളും പിതാവ് സുരേന്ദ്രനുമാണ് താമസക്കാർ.