ഉറവപ്പാറ മലയിൽ തീപിടിത്തം: ഫയർഫോഴ്സ് തീയണച്ചു
1493941
Thursday, January 9, 2025 11:01 PM IST
തൊടുപുഴ: ഉറവപ്പാറ മലമുകളിലെ പുരയിടത്തിൽ വ്യാപക തീപിടിത്തം. തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി ഏറെ ശ്രമകരമായി തീയണച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തീ കെടുത്താൻ നോക്കിയെങ്കിലും കനത്ത കാറ്റിൽ തീ പടരുകയായിരുന്നു. നാട്ടുകാ രറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി.
തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് ചെറിയ വാഹനത്തിനുപോലും എത്തിച്ചേരാൻ പറ്റാത്തതിനാൽ രണ്ട് കിലോമീറ്ററോളം നടന്നാണ് ഇവിടെത്തിയത്. തുടർന്ന് ഫയർ ബീറ്ററും മറ്റും ഉപയോഗിച്ച് ഒരു മണിക്കൂറിലധികം സമയമെടുത്ത് തീ തല്ലിക്കെടുത്തുകയായിരുന്നു.
സമീപ സ്ഥലത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാതെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.
സീനിയർ ഫയർ ഓഫീസർ എം.എൻ.വിനോദ് കുമാർ, ഫയർ ഓഫീസർമാരായ പി.എൻ. അനൂപ്, ജോബി കെ. ജോർജ്, ബിബിൻ എ. തങ്കപ്പൻ, എൻ.എസ്. അജയകുമാർ, സച്ചിൻ സാജൻ, ജസ്റ്റിൻ ജോയി ഇല്ലിക്കൽ, എം.പി. ബെന്നി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.