സാബുവിന്റെ മരണം: ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് 10ന്
1493640
Wednesday, January 8, 2025 10:45 PM IST
കട്ടപ്പന: കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപം തിരികെ ചോദിച്ച വ്യാപാരി മുളങ്ങാശേരിയിൽ സാബുവിനെ കൈയേറ്റം ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരേയും സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് വി.ആര്. സജിക്കെതിരേയും നടപടി സ്വീകരിക്കാത്ത കട്ടപ്പന പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് രാവിലെ 11ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തും.
ആത്മഹത്യാക്കുറിപ്പും ശബ്ദരേഖയും ഉണ്ടായിട്ടും ഭരണനേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് പോലീസ് നിഷ്ക്രിയമായി നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
10ന് രാവിലെ 11 ന് ഇടുക്കിക്കവലയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനം അഡ്വ. മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി നേതാക്കള്‍ പ്രസംഗിക്കുമെന്ന് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക്കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിള്‍ അറിയിച്ചു.