റോഡ് ടാറിംഗ് ചെയ്യുന്നില്ല: ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്
1493937
Thursday, January 9, 2025 11:01 PM IST
മുട്ടം: ജൽജീവൻ മിഷൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മാത്തപ്പാറയിലെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മുട്ടം, കുടയത്തൂർ, കരിങ്കുന്നം പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നടത്തുക ലക്ഷ്യത്തോടെയാണ് മാത്തപ്പാറ, അന്പാട്ടു കോളനി, ഐഎച്ച്ഡിപി പ്രദേശങ്ങളിലേക്കുള്ള റോഡ് കുത്തിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചത്.
എന്നാൽ, റോഡ് തകരാറിലാക്കി ഒരു വർഷം കഴിഞ്ഞിട്ടും ജൽജീവൻ മിഷൻ അധികൃതർ റോഡിലെ ടാറിംഗ് നടത്താൻ തയാറായില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരേ ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ ഒരാഴ്ചക്കകം ടാറിംഗ് നടത്തുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു.
പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് മൂടിയ കൂടുതൽ സ്ഥലങ്ങളിലും റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ഉൾപ്പെടെ കടന്നുപോകാനും കഴിയുന്നില്ല. ഓട്ടോകളും ഇവിടേക്ക് വരാത്ത സാഹചര്യമായതിനാൽ മുട്ടം ടൗണിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ ആളുകൾ തലച്ചുമടായിട്ടാണ് എത്തിക്കുന്നത്. ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഇളകിയ മെറ്റലിലും ഗർത്തങ്ങളിലും കയറിയിറങ്ങി അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.
ടാറിംഗ് നടത്തി റോഡ് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ പദ്ധതിക്കായി പെരുമറ്റത്തിന് സമീപം നിർമാണം പൂർത്തിയായി വരുന്ന ശുചീകരണ പ്ലാന്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.