തെരുവുനായശല്യം രൂക്ഷം
1493096
Monday, January 6, 2025 11:26 PM IST
മുട്ടം: ജില്ലാ ഹോമിയോ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ വയോധികയുടെ നേരേ തെരുവ് നായ പാഞ്ഞടുത്തത് പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 11 ഓടെ മുട്ടം ജില്ലാക്കോടതി റോഡിലാണ് സംഭവം. അറക്കുളം സ്വദേശിയായ വീട്ടമ്മ ആശുപത്രിയിൽനിന്ന് തിരികെ വരുന്പോഴാണ് തെരുവുനായ പാഞ്ഞടുത്തത്. തുടർന്ന് അവർ കടിയേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.
മുട്ടം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. മുട്ടം ടൗണ്, ടാക്സി സ്റ്റാൻഡ്, മാത്തപ്പാറ, കോടതി പ്രദേശം, ഊരക്കുന്ന് - ഇടപ്പള്ളി റോഡ്, തോട്ടുങ്കര ലക്ഷംവീട്, ചള്ളാവയൽ, കാക്കൊന്പ്, തുടങ്ങനാട്, ശങ്കരപ്പള്ളി, പെരുമറ്റം, മലങ്കര അണക്കെട്ടിന് സമീപം എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ തെരുവ്, വളർത്തുനായ്ക്കൾ കൈയടക്കിയ അവസ്ഥയാണ്. അങ്കണവാടി കുട്ടികൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിത്യവും സഞ്ചരിക്കുന്ന പാതകളിൽ നായ്ക്കൾ കൂട്ടത്തോടെയാണ് കറങ്ങി നടക്കുന്നത്. ഉച്ചത്തിൽ കുരച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൂട്ടത്തോടെ കറങ്ങിനടക്കുന്നതിനാൽ പ്രദേശവാസികൾ ഏറെ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്.
പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഗുരുതര പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരും ഏറെ ആശങ്കയിലാണ്. വടിയും മറ്റുമായിട്ടാണ് ഇവർ പ്രഭാത സവാരിക്ക് പുറത്തിറങ്ങുന്നത്. അടുത്ത നാളിൽ മാത്തപ്പാറയിലുള്ള വീട്ടമ്മയ്ക്കും പിസിറ്റി കോളനിയിലുള്ള ഗൃഹനാഥനും തെരുവുനായ ആക്രമത്തിൽ ഗുരുതര പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ജില്ലാ കളക്ടർ, തൊടുപുഴ തഹസിൽദാർ, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ അധികൃതരെ അറിയിച്ച് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ അറിയിച്ചു.