വീടുപണിക്കുവച്ച ഒരു ലക്ഷം രൂപ മോഷണം പോയി
1493355
Wednesday, January 8, 2025 3:12 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 57-ാം മൈൽ രമ്യാ ഭവനിൽ കാളിദാസ്-ഷീന ദമ്പതികളുടെ വീട്ടിൽ വീടുപണിക്കായി കരുതിവച്ചിരുന്ന ഒരു ലക്ഷം രൂപ മോഷണംപോയി. കാളിദാസ് ഓട്ടോറിക്ഷ തൊഴിലാളിയും ഭാര്യ എസ്റ്റേറ്റ് തൊഴിലാളിയുമാണ്.
ഇവർ രണ്ടുപേരും ജോലിക്ക് പോയ സമയത്ത് വീടിന്റെ മേൽക്കൂര തകർത്ത് മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയാണ് അപഹരിച്ചത്. ഇതോടൊപ്പം ഷീന അയൽക്കൂട്ടത്തിൽനിന്നു വായ്പയെടുത്തു സൂക്ഷിച്ചിരുന്ന രൂപയും കവർന്നു.
വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്ത നിലയിലാണ്. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.