സിന്ധുവിന്റെ തിരോധാനത്തിലും സെബാസ്റ്റ്യന്‍ സംശയനിഴലില്‍
1601115
Sunday, October 19, 2025 11:22 PM IST
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ (54), ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് (52) എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ കൂടുതല്‍ കേസുകളില്‍ അറസ്റ്റിലായേക്കും. 2020 ഒക്ടോബര്‍ 19ന് ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വള്ളാകുന്നംവെളി വീട്ടില്‍നിന്നും തിരുവിഴ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് പുറപ്പെട്ട സിന്ധു (48)വിനെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല.
സിന്ധു മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. എന്നാല്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇവിടെനിന്നും സിന്ധു എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. സിന്ധുവിനെയും സമാനരീതിയില്‍ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെന്ന സൂചനയില്‍ അഞ്ചു വര്‍ഷം മുന്‍പ് അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുനരന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന സിന്ധുവിനെ മകളുടെ വിവാഹനിശ്ചയത്തിന് രണ്ടു ദിവസം മുമ്പാണ് കാണാതായത്. മകളുടെ വിവാഹത്തിനുള്ള സ്വര്‍ണം സിന്ധു സൂക്ഷിച്ചിരുന്നു.
സ്ത്രീകളെ പ്രണയം നടിച്ച് കൊലപ്പെടുത്തി സ്വത്തും സ്വര്‍ണവും കൈക്കലാക്കുന്ന കുറ്റവാളിയെന്ന് വ്യക്തമായതോടെയാണ് ഈ കേസിലും സെബാസ്റ്റ്യന്‍ സംശയനിഴലിലായത്, ബിന്ദു പത്മനാഭന്, ജെയ്നമ്മ വധക്കേസുകള്ക്കു പുറമെ സെബാസ്റ്റ്യന്‍ റിട്ട. പഞ്ചായത്ത് ജീവനക്കാരി ഐഷ(58) യെയും കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സെബാസ്റ്റ്യനെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി ഐഷ കൊലക്കേസിലും അറസ്റ്റ് രേഖപ്പെടുത്തും. ഐഷയെ 2012 മേയ് 12നാണ് കാണാതായത്.
വീടുവയ്ക്കാന്‍ സ്ഥലം തരപ്പെടുത്തിക്കൊടുക്കാമെന്ന ഉറപ്പില്‍ സ്ഥലം ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം.