വാഗമണ്ണിനെ ടൂറിസം ഹബ്ബാക്കും: മന്ത്രി മുഹമ്മദ് റിയാസ്
1601110
Sunday, October 19, 2025 11:22 PM IST
മുണ്ടക്കയം: കേരളത്തിൽ പശ്ചാത്തല വികസനരംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. മുണ്ടക്കയം-കൂട്ടിക്കൽ -ഏന്തയാർ-വല്യേന്ത-വാഗമൺ റോഡിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പകുതിയിലധികം പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്താനും നൂറ്റന്പതിലധികം പാലങ്ങൾ പുതുതായി നിർമിക്കാനും ടൂറിസം രംഗത്തടക്കം വലിയ മുന്നേറ്റം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഗമണ്ണിനെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നു മന്ത്രി പറഞ്ഞു.
ഇളങ്കാട് ടൗണിൽ ചേർന്ന ഉദ്ഘാടന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, പഞ്ചായത്തംഗങ്ങളായ പി.എസ്. സജിമോൻ, ജെസി ജോസ്, എം.വി. ഹരിഹരൻ, കെ.എസ്. മോഹനൻ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനാ നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
നിലവിൽ വല്യേന്തവരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് ഏഴു കിലോമീറ്റർ പൂർത്തീകരിച്ചാണ് മുണ്ടക്കയം - വാഗമൺ റോഡ് നിർമിക്കുന്നത്. ഇതിനായി 2022-23 ലെ സംസ്ഥാന ബജറ്റിൽ 12 കോടി രൂപയും 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപയും വകയിരുത്തിയിരുന്നു. ഇപ്രകാരം ലഭ്യമായ 17 കോടി രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
റോഡ് യാഥാർഥ്യമാകുന്നതോടെ മുണ്ടക്കയത്തുനിന്ന് 22 കിലോമീറ്റർ മാത്രം സഞ്ചരിച്ച് വിനോദ സഞ്ചാരികൾക്ക് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമിയുള്ളതിനാൽ ടൂറിസം അധിഷ്ഠിതവും മറ്റിതര സംരംഭങ്ങളും സർക്കാർ ഉടമസ്ഥതയിൽ ആരംഭിക്കുന്നതിനും കഴിയും.
ഇതിനോടകംതന്നെ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇളങ്കാട് കേന്ദ്രീകരിച്ചും കോലാഹലമേട് കേന്ദ്രീകരിച്ചും ഓരോ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നതിന് ഡിപിആർ തയാറാക്കിവരികയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ ഭാവിയിൽ എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാകുമ്പോൾ ദേശീയ - അന്താരാഷ്ട്ര തലങ്ങളിൽനിന്ന് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് 36 കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇതുവഴി വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയുമെന്നുള്ളതും ഭാവിയിൽ വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർധിപ്പിക്കുന്നതാണ്.
മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് പഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിക്കും ഈ പാത ഉപകരിക്കും.